ചോദ്യം ചെയ്യപ്പെട്ട യുവാവിന്റെ ആത്മഹത്യ; സിബിഐ ഉദ്യോഗസ്ഥര്‍ പ്രതികളായേക്കും

തിരുവനന്തപുരം: ജ്വല്ലറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത സിബിഐ വെട്ടിലായി.

ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരന്‍ കുമാര്‍ തൂങ്ങി മരിച്ചതാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായത്.

വീട്ടില്‍ നിന്ന് സിബിഐ പത്ത് ലക്ഷം രൂപയും ചില രേഖകളും കണ്ടെടുത്തതായും സിബിഐ ചോദ്യം ചെയ്യലിന് ശേഷമാണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയതിനാല്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കേണ്ടി വരുമെന്നാണ് സൂചന. നിലവില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
മറ്റ് കാര്യങ്ങള്‍ അന്വേഷണം പൂര്‍ത്തീകരിച്ച ശേഷമേ പറയാന്‍ കഴിയു എന്ന നിലപാടിലാണ് പൊലീസ്.

സിബിഐ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുക്കുന്നത് ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടക്കുന്നുണ്ടെങ്കിലും ബന്ധുക്കള്‍ കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ചീഫ് ഇന്‍കംടാക്‌സ് കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടിയുടെ ഒപ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ ശരത്തിന്റെ ബിനാമിയാണ് കുമാറെന്നാണ് ആരോപണം.

കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സിബിഐ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നത്.

തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഭക്ഷണം കഴിച്ച് മടങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. വഴുതക്കാടുള്ള സിബിഐ ഓഫീസില്‍ എത്തി, വാഹനം അവിടെ ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയ കുമാറിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിബിഐ ചോദ്യം ചെയ്ത് പീഡിപ്പിച്ചതുകൊണ്ടാണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും പണം കണ്ടെത്തിയിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുരുക്കി കയ്യടി വാങ്ങിയ സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ട സാഹചര്യമാണിപ്പോള്‍.

Top