ചെന്നിത്തലയുടെ മുഖ്യമന്ത്രി പദ മോഹത്തിന് സുധീരന്റെ ഉടക്ക്‌; നീക്കം ആന്റണിക്ക് വേണ്ടി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രതിഛായ നന്നാക്കാനെന്ന പേരില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നിക്കി പകരക്കാരനാകാനുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നീക്കങ്ങള്‍ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ക്കുമൊപ്പം നില്‍ക്കാതെ ഒറ്റയാനായ സുധീരന്റെ നിലപാട് ചെന്നിത്തലക്ക് കനത്ത തിരിച്ചടിയാണ്.

കണ്ണൂരില്‍ സി.പി.എം നല്‍കുന്ന പ്രതിപ്പട്ടിക അംഗീകരിക്കുന്ന സാഹചര്യം പൊലീസില്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു എന്ന സുധീരന്റെ പരസ്യ വിമര്‍ശനം ചെന്നിത്തലയെ പ്രതിരോധത്തിലാക്കുകയാണ്. ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന കെ. സുധാകരന്റെ നിലപാടും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരവുമാണ് സുധീരന്‍ വ്യക്തമാക്കിയത്.

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ ഇനിയും പൊലീസിനായിട്ടില്ലെന്നും ഇക്കാര്യത്തില്‍ കെ.കെ. രമയുടെ ആവശ്യം ന്യായമാണെന്നുമുള്ള സുധീരന്റെ പ്രതികരണം ആഭ്യന്തരവകുപ്പിനെതിരായ കടന്നാക്രമണമാണ്.

എ.ഡി.ജി.പി ഋഷിരാജ് സിംങ് സല്യൂട്ട് ചെയ്തില്ലെന്ന വിവാദത്തില്‍ പെട്ടു നില്‍ക്കുന്ന ചെന്നിത്തലക്ക് തലവേദനയാകുകയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ വിമര്‍ശനം. ഓപ്പറേഷന്‍ കുബേര അടക്കമുള്ള നടപടികളിലൂടെ നല്ല ആഭ്യന്തരമന്ത്രി എന്ന പ്രതിഛായ നേടി നില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനം ഉയരുന്നത്.

സോളാര്‍ വിവാദം, ബാര്‍ കോഴ എന്നിവയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ച ചെന്നിത്തലക്ക് ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന സന്ദേശമാണ് സുധീരന്‍ നല്‍കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറുകയാണെങ്കില്‍ പകരക്കാരനാകാനുള്ള ചെന്നിത്തലയുടെ വഴി അടക്കുന്ന നീക്കമാണ് സുധീരന്‍ നടത്തുന്നത്.

മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ ആന്റണിയെ കേരളത്തില്‍ സജീവമാക്കാനുള്ള നീക്കമാണ് സുധീരനുള്ളത്. അങ്ങിനെയെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടാനുള്ള ശ്രമങ്ങളും സുധീരന്റെ നേതൃത്വത്തിലുള്ള പഴയ ‘എ’ ഗ്രൂപ്പ് നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.

Top