ചെന്നിത്തലയുടെ ഡല്‍ഹി ദൗത്യം തകര്‍ന്നു; രാഹുലിന്റെ പിന്‍ബലത്തില്‍ സുധീര വിജയം

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എ- ഐ ഗ്രൂപ്പുകള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ ഉയര്‍ത്തിയ ചക്രവ്യൂഹം തകര്‍ന്നു.

സുധീരനെതിരെ പരാതിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട ചെന്നിത്തലയുടെ ദൗത്യമാണ് പൊളിഞ്ഞത്. കോണ്‍ഗ്രസ് പുനസംഘടനയുമായി മുന്നോട്ടുപോകാനുള്ള പച്ചക്കൊടിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിപ്പോള്‍ സുധീരന് നല്‍കിയത്.

അഴിമതി ചൂണ്ടിക്കാട്ടി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയി തോമസിനെ മാറ്റാന്‍ വി.എം സുധീരന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. ഇതോടെയാണ് ‘ഐ’ ഗ്രൂപ്പുകാരനായ ജോയി തോമസിനെ സംരക്ഷിക്കാന്‍ ചെന്നിത്തലയും സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനും ശക്തമായി രംഗത്തിറങ്ങിയത്.

കോണ്‍ഗ്രസ് പുനസംഘടന തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു മതിയെന്ന ആവശ്യവുമായി ഇരുവരും സുധീരനെതിരെ പരാതിയുമായി ഡല്‍ഹിയിലെത്തുകയായിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ പരാതി കോണ്‍ഗ്രസ് നേതൃത്വം മുഖവിലക്കെടുത്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

കോണ്‍ഗ്രസ് കര്‍ഷകറാലിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ സുധീരനെ സ്വന്തം കാറില്‍ കയറ്റി കൊണ്ടുപോയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയത്.

ഇതോടെ പുനസംഘടനയില്‍ സുധീരന്റെ വാക്കായിരിക്കും അന്തിമമെന്നു വ്യക്തമായി. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പു ഭേദമില്ലാതെ പുനസംഘടനയെ പിന്തുണക്കുകയാണ്. ചെന്നിത്തലക്കു ശേഷം കെ.പി.സി.സി പ്രസിഡന്റായ സുധീരന്‍ പാര്‍ട്ടിയെ ചലനാത്മകമാക്കിയെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തുന്നത്.

ഇതു രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി കോണ്‍ഗ്രസ് ഹൈക്കമന്റ് സുധീരനെ പിന്തുണക്കുന്നത്. ചെന്നിത്തലയുടെ പിന്‍ഗാമിയായി സുധീരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചപ്പോള്‍ ഇതിനെതിരെ ജി. കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ വൈരം മറന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒന്നിച്ച് ഹൈക്കമാന്റിനെ കണ്ടിരുന്നു.

എന്നാല്‍ ഇവരുടെ വാദങ്ങള്‍ തള്ള്ി ഹൈക്കമാന്റ് സുധീരനെ പ്രസിഡന്റാക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെയും അരുവിക്കര ഉപതെരഞ്ഞെടുപ്പിലെയും വിജയം സുധീരനിലുള്ള ഹൈക്കമാന്റ് വിശ്വാസം വളര്‍ത്തുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ പിന്തുണയാണ് സുധീരനെ ശക്തനാക്കുന്നത്.

Top