എസ്‌ ശിവരാമന്‍ വീണ്ടും സിപിഎമ്മിലേക്ക് ; അണികളില്‍ പ്രതിഷേധം കത്തിപടരുന്നു…

പാലക്കാട്: അവസരവാദ രാഷ്ട്രീയത്തിന്റെ ‘തിളങ്ങുന്ന’ മുഖമായ എസ്.ശിവരാമന്‍ വീണ്ടും സിപിഎമ്മിലേക്ക് ചേക്കേറുന്നതിനെതിരെ സിപിഎം അണികളില്‍ പ്രതിഷേധം പടരുന്നു.

പാര്‍ട്ടി നയങ്ങളുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് 2010-ഫെബ്രുവരിയിലാണ് മുന്‍ ഒറ്റപ്പാലം എം.പിയായ ശിവരാമന്‍ ചെങ്കൊടിയോട് വിടപറഞ്ഞ് കോണ്‍ഗ്രസില്‍ ചേക്കേറിയത്.

നിലവില്‍ സംസ്ഥാന പട്ടികജാതി വികസന കോര്‍പറേഷന്‍ ചെയര്‍മാനും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഈ പദവികള്‍ രാജിവച്ചാണ് വീണ്ടും ഇപ്പോള്‍ സിപിഎമ്മില്‍ ചേക്കേറുന്നത്.

സംവരണ മണ്ഡലമായ ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഒരു ലക്ഷത്തിലേറെ തകര്‍പ്പന്‍ വോട്ടിന്റെ ഭൂരിപക്ഷിന് പരാജയപ്പെടുത്തിയാണ് രാഷ്ട്രീയത്തില്‍ ശിവരാമന്‍ ‘ഹരിശ്രീ’ കുറിച്ചിരുന്നത്.

എസ്എഫ്‌ഐയുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം മാത്രമായിരുന്ന ശിവരാമനെ 1993-ല്‍ കേരളത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിപ്പിച്ച സിപിഎം നടപടി അന്ന് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് നാടിന്റെയും പാര്‍ട്ടിയുടെയും അഭിമാനമായി മാറിയ ശിവരാമന്‍ പിന്നീട് പാര്‍ട്ടിയോട് വിടപറഞ്ഞതും പാര്‍ലമെന്ററി രാഷ്ട്രീയത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമായിരുന്നു.

എസ് അജയകുമാറിനെ ശിവരാമന്റെ പിന്‍ഗാമിയായി ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചതാണ് ശിവരാമനെ ചൊടിപ്പിച്ചിരുന്നത്. രണ്ട് തവണ അജയകുമാര്‍ പ്രതിനിധീകരിച്ച ഈ പാര്‍ലമെന്റ് മണ്ഡലമാണ് ഇപ്പോഴത്തെ ആലത്തൂര്‍ മണ്ഡലം. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി.കെ ബിജു എം.പിയാണ് ഇവിടെ പ്രതിനിധീകരിക്കുന്നത്.

സിപിഎമ്മില്‍ നിന്ന് പുറത്ത് പോകുന്ന ഘട്ടത്തില്‍ ലക്കിടി ലോക്കല്‍ സെക്രട്ടറിയും സംസ്ഥാന ഖാദി ബോര്‍ഡ് അംഗവുമായിരുന്നു ശിവരാമന്‍. ഒറ്റപ്പാലം അര്‍ബന്‍ ബാങ്കില്‍ പാര്‍ട്ടി നല്‍കിയ ജോലി രാജിവച്ച് ഭാര്യയും ശിവരാമെന്റെ രാഷ്ട്രീയ മാറ്റത്തിന് കുടപിടിച്ചിരുന്നു.

കോണ്‍ഗ്രസില്‍ ചേക്കേറിയ ശിവരാമന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോങ്ങാട് സീറ്റും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ സംവരണ മണ്ഡലവും ആഗ്രഹിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നില്ല.

ഇതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന ശിവരാമന്‍, നേരത്തെ സിപിഎമ്മില്‍ നിന്ന് പുറത്തായ എം.ആര്‍ മുരളി, ഗോകുല്‍ ദാസ് എന്നിവരടക്കമുള്ള നേതാക്കളെ സിപിഎം വീണ്ടും പാര്‍ട്ടിയില്‍ എടുത്ത സാഹചര്യം മുന്‍ നിര്‍ത്തിയാണ് ചെങ്കൊടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. ജില്ലയിലെ ചില നേതാക്കളുടെ ‘ഉറപ്പിനെ’ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് സൂചന.

എന്നാല്‍ പാര്‍ട്ടി, സംസ്ഥാനത്തെ ഒരു പ്രവര്‍ത്തകനും നേതാവിനും നല്‍കാത്ത പരിഗണന വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ ശിവരാമന് നല്‍കിയിട്ടും പാര്‍ട്ടിയെ വഞ്ചിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ പോയതിനാല്‍ ഇനി പാര്‍ട്ടിയിലെടുക്കരുതെന്ന വികാരമാണ് സിപിഎം അണികളില്‍ വ്യാപകമായിട്ടുള്ളത്.

ശിവരാമന് ‘പഠിച്ച് ‘ എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും കണ്ണൂര്‍ എംപിയുമായിരുന്ന എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിട്ടതും ഇപ്പോള്‍ സരിതാ വിവാദത്തില്‍പെട്ട് നാറിയതും ചൂണ്ടിക്കാട്ടിയാണ് ഈ പ്രതികരണം.

പാലക്കാട് ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെ വിവിധ ജില്ലകളിലെയും ഭൂരിപക്ഷ സിപിഎം പ്രവര്‍ത്തകരുടെ വികാരവും ഇത് തന്നെയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Top