ചെകുത്താനും കടലിനുമിടയില്‍ മുഖ്യമന്ത്രി; ആഞ്ഞടിക്കാന്‍ ഒരുങ്ങി പി.സി ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി ജോര്‍ജിനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാതെ നിലപാട് കടുപ്പിച്ച് കെ.എം മാണിയും, എന്നാല്‍ കാണാമെന്ന നിലപാടോടെ പി.സി ജോര്‍ജും മുഖാമുഖം നിരന്നതോടെ വെട്ടിലായത് മുഖ്യമന്ത്രി.

ചീഫ് വിപ്പിനെ പുറത്താക്കണമെന്ന നിലപാട് ഉമ്മന്‍ചാണ്ടിക്കുണ്ടെങ്കിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ജോര്‍ജിനെ പുറംതള്ളുന്നതിനോട് യോജിക്കാത്തതാണ് യുഡിഎഫിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുള്ളത്.

രാജ്യസഭാ തെരഞ്ഞെടുപ്പും അരുവിക്കര ഉപതെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ജോര്‍ജ് പുറത്തായാല്‍ സര്‍ക്കാരിനെതിരെ പലതും പുറത്ത് വരുമെന്ന ഭയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

തെളിവ് ശേഖരണത്തില്‍ മിടുക്കനായ ജോര്‍ജ് താന്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ മാണിയും സര്‍ക്കാരും അതിന് വലിയ വില ല്‍കേണ്ടിവരുമെന്ന് അടുപ്പക്കരോട് ഇതിനകം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

കേരള കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പഴയ സെക്യുലര്‍ കോണ്‍ഗ്രസായി ജോര്‍ജിനെ മുന്നണിയിലും സര്‍ക്കാരിലും തുടരാന്‍ അനുവദിക്കുക എന്ന ഫോര്‍മുലയാണ് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാല്‍ ഈ നിര്‍ദേശം മാണി തള്ളിക്കളഞ്ഞിരിക്കുകയാണ്.

തന്റെ പാര്‍ട്ടിക്ക് ലഭിച്ച ചീഫ് വിപ്പ് സ്ഥാനത്തിന്റെ കാര്യത്തില്‍ താനാണ് നിലപാട് സ്വീകരിക്കുക എന്നും മറ്റാരും ഇടപെടേണ്ടതില്ലെന്നുമാണ് മാണിയുടെ നിലപാട്. തീരുമാനം വൈകിയാല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.

മുന്നണിയിലെ പല നേതാക്കളും തലസ്ഥാനത്ത് ഇല്ലാത്തതിനാല്‍ ഫോണില്‍ കൂടിയാണ് ഇതുസംബന്ധമായ കൂടിയാലോചനകള്‍ മുഖ്യമന്ത്രി നടത്തുന്നത്. പന്ത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോര്‍ട്ടിലായതിനാല്‍ തീരുമാനം ഏത് നിമിഷവും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ മാധ്യമ ലോകവും കാത്തിരിക്കുകയാണ്.

മുറിവേറ്റ ജോര്‍ജ് അപകടകാരിയാകാതിരിക്കാന്‍ അദ്ദേഹവുമായി അടുപ്പമുള്ള യുഡിഎഫ് നേതാക്കള്‍ നിരന്തരം ആശയവിനിമയം തുടരുകയാണ്. ഈ നീക്കത്തില്‍ കടുത്ത അതപ്തിയാണ് കേരള കോണ്‍ഗ്രസിലെ മാണി വിഭാഗം നേതാക്കള്‍ക്കുള്ളത്.

അതേസമയം പി.ജെ ജോസഫ് വിഭാഗം നേതാക്കള്‍ക്ക് ജോര്‍ജിനെ പൂര്‍ണമായി പുറം തള്ളുന്നതിനോട് യോജിപ്പുമില്ല. കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാതെ വിട്ട് പോന്നാല്‍ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമെന്നതിനാല്‍ ജോര്‍ജും സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്.

Top