ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചു; അഞ്ചു കുട്ടികള്‍ കസ്റ്റഡിയില്‍

തിരൂര്‍: കുളിക്കാനെത്തിയ കുട്ടികളുടെ തമാശ കാര്യമായതോടെ ട്രെയിന്‍ നിര്‍ത്തി. തിരൂര്‍ റെയില്‍വേ സ്‌റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളാണ് മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചത്.

കോയമ്പത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവിലെ ചുവപ്പ് മുണ്ട് വീശുകയായിരുന്നു. ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.

അഞ്ച് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. തുടര്‍ന്ന് ആര്‍ പി എഫ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തു.

റെയില്‍വേ സുരക്ഷാ സേന നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ നിറമരുതൂര്‍ പഞ്ചായത്തിലുള്ളവരാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടികളെ പിടികൂടി. താക്കീത് നല്‍കിയതിന് ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി.

Top