ചുമട്ടുജോലിയും പ്ലസ്ടു ക്ലാസും കൈവിടാതെ മഠത്തില്‍ ഗിരീഷിന്റെ വേറിട്ട വോട്ടുപിടുത്തം

നിലമ്പൂര്‍: ചുമട്ടുജോലിയും പ്ലസ്ടു ക്ലാസും കൈവിടാതെ ഗിരീഷിന്റെ തെരഞ്ഞെടുപ്പ് വോട്ടുപിടുത്തം പുതുമയാകുന്നു. നിലമ്പൂര്‍ നഗരസഭയിലെ ആശുപത്രിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോളൂര്‍ മഠത്തില്‍ ഗിരീഷ് അതിരാവിലെ ചെങ്കല്ലിറക്കുകയോ ടൗണില്‍ ചുമടെടുക്കുകയോ ആയിരിക്കും. പിന്നെ വീട്ടിലെത്തി കുളിച്ച് പ്രാതലും കഴിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടുപിടുത്തം.

വൈകുന്നേരം പുസ്തകക്കെട്ടുമെടുത്ത് സ്ഥാനാര്‍ത്തി മുതുകാട് സ്‌കൂളിലേക്ക് വെച്ചുപിടിക്കും. രണ്ടു മണിക്കൂര്‍ അവിടെ പ്ലസ്ടു പഠനം. അതിനു ശേഷം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം രാഷ്ട്രീയ ചര്‍ച്ച.

തൂവെള്ള ഖദറുമണിഞ്ഞ് നിറഞ്ഞ ചിരിയോടെ എത്തുന്ന പതിവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്ഥനാവുകയാണ് ഗിരീഷ്. പുഴയില്‍ നിന്നും മണലെടുക്കുന്ന സമയത്ത് മണല്‍തൊഴിലാളിയായും മണലെടുപ്പിന് നിരോധനം വരുമ്പോള്‍ ചുമട്ടുതൊഴിലാളിയായും ഗിരീഷ് മാറും.

12ാം വയസില്‍ തുടങ്ങിയ അധ്വാനം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. അമ്മ രുഗ്മിണി കാന്‍സര്‍ ബാധിച്ച് മരിച്ചത് ഗിരീഷിന് 12 വയസായപ്പോഴാണ്. കുടുംബം പോറ്റാന്‍ അന്നു മുതല്‍ ചെറിയ തൊഴിലുകളെടുത്ത് തുടങ്ങിയതാണ്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും തളര്‍വാതം വന്ന് അച്ഛന്‍ പ്രഭാകരന്‍ നെടുങ്ങാടിയും വിട്ടുപിരിഞ്ഞു.

സഹോദരി അടങ്ങുന്ന കുടുംബത്തെപോറ്റാന്‍ പഠനത്തോടൊപ്പം ഗിരീഷ് കൂലിവേലക്കും പോയി തുടങ്ങി. കുടുംബ ബാധ്യത ചുമലിലായപ്പോള്‍ പത്താം ക്ലാസിനു ശേഷം പഠനം നിലച്ചു. ചുമടെടുത്തും അധ്വാനിച്ചും സഹോദരിയെ വിവാഹം കഴിച്ചയച്ചു. അമ്മയും അച്ഛനുമില്ലാത്തതിന്റെ വേദന അനുഭവിച്ച ഗിരീഷ് ഇതേ ദുഖംപേറിയ പെണ്‍കുട്ടിയെതന്നെ ജീവിതസഖിയാക്കി.

നഗരസഭ സമീക്ഷ പദ്ധതിയിലൂടെ പ്ലസ്ടു പഠനത്തിന് സൗകര്യമൊരുക്കിയപ്പോള്‍ ആവേശത്തോടെ ഗിരീഷ് പ്ലസ്ടുവിന് ചേര്‍ന്നു. ജോലികഴിഞ്ഞ് മുക്കട്ട സ്‌കൂളിലെ രാത്രി ക്ലാസിലാണ് പഠനം.

തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആശുപത്രിക്കുന്ന് വാര്‍ഡ് സി.പി.എമ്മില്‍ നിന്നും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കൂടിയായ ഗിരീഷിനെയാണ്. കഴിഞ്ഞ തവണ സി.പി.എം 172 വോട്ടിനു വിജയിച്ച വാര്‍ഡില്‍ മാധ്യമ പ്രവര്‍ത്തകനായ യു.ടി പ്രവീണാണ് സി.പി.എം സ്ഥാനാര്‍ത്ഥി.

Top