ചുംബിച്ചും ആക്രമിച്ചും ‘മാവോയിസ്റ്റുകള്‍’; അന്തംവിട്ട് പോലീസ്‌

കൊച്ചി: പനമ്പിള്ളി നഗറിലെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് കേന്ദ്ര – രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

മാവോയിസ്റ്റുകളെ തേടി കോടികള്‍ മുടക്കി കാട്ടില്‍ കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരവെയാണ് പൊലീസ് ഉന്നതരെ ഞെട്ടിച്ച് വ്യവസായിക തലസ്ഥാനത്ത് സായുധ സംഘത്തിന്റെ മിന്നല്‍ ആക്രമണം ഉണ്ടായത്.

കേരളത്തിലെ പല ജനകീയ സമരങ്ങളിലും ഏറ്റവും ഒടുവില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന വിവാദമായ ‘കിസ് ഓഫ് ലൗ’ പ്രതിഷേധത്തിലും മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറിയെന്ന റിപ്പോര്‍ട്ടിന്റെ ചൂടാറും മുമ്പാണ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണമുണ്ടായത്. മാവോയിസ്റ്റ് ആക്രമണമാണെന്ന വിലയിരുത്തലിലാണ് പൊലീസെങ്കിലും സംഘടനയുടെ പേരില്‍ സാമൂഹ്യ വിരുദ്ധരാണോ അഴിഞ്ഞാടിയതെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

എന്നാല്‍ ലഘുലേഘ വിതറി പട്ടാപകല്‍ നടന്ന ആക്രമണം മാവോയിസ്റ്റ് ആക്രമണം തന്നെയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് പുറമെ കേന്ദ്ര ഏജന്‍സിയായ ഐ.ബിയുടെ ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ ഒമ്പതു പേരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വഴി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവര്‍ സഞ്ചരിച്ച വാഹനം കണ്ട് പിടിക്കാന്‍ പൊലീസിന് പറ്റിയിട്ടില്ല. ഇതിനായി ട്രാഫിക് സിഗ്നലുകളിലും മറ്റും സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

അക്രമകാരികളില്‍ ഹിന്ദി സംസാരിച്ചവര്‍ ഉണ്ടായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയത് ഞെട്ടലോടെയാണ് പൊലീസ് ഉന്നതര്‍ കേട്ടത്. വ്യവസായിക തലസ്ഥാനത്ത് വ്യാപകമായി ആശങ്ക ഉണര്‍ത്തിയ ആക്രമണത്തില്‍പ്പെട്ടവരെ പിടികൂടാന്‍ അരിച്ചുപെറുക്കിയ അന്വേഷണമാണ് എറണാകുളത്തും സമീപജില്ലകളിലും പൊലീസ് നടത്തുന്നത്.

അതേസമയം ആക്രമണം സംബന്ധിച്ച് ഐ.ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് നാണക്കേടായ കൊച്ചി ആക്രമണത്തിന് പിന്നിലെ സംഘത്തെ എന്ത് വിലകൊടുത്തും പിടികൂടിയില്ലെങ്കില്‍ സമാനമായ ആക്രമണമുണ്ടാകുമെന്ന ഭീതിയിലാണ് അധികൃതര്‍. കൊച്ചിയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കാതികൂടത്ത് പ്രവര്‍ത്തിക്കുന്ന നീറ്റാ ജലാറ്റിന്‍ ഫാക്ടറിയുടെ സുരക്ഷക്ക് വലിയ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മലിനീകരണം തടയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി കാതികൂടത്ത് നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഫാക്ടറിക്ക് മുന്നില്‍ ജനകീയ സമരങ്ങള്‍ നടന്ന് വരികയായിരുന്നു.

Top