ചുംബന സമരത്തിന് പിന്നാലെ മാണിയുടെ കാര്യത്തിലും ‘തെറ്റ് തിരുത്തി’ സിപിഎം

തിരുവനന്തപുരം: ചുംബന സമരത്തെ തുടക്കത്തില്‍ അനുകൂലിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്ത നിലപാട് മാണിയുടെ കാര്യത്തിലും ആവര്‍ത്തിച്ച് സിപിഎം രംഗത്ത്. ബാര്‍കോഴ വിവാദത്തില്‍ തുടക്കത്തില്‍ മന്ത്രി മാണിക്ക് അനുകൂലമായി മൃദുസമീപനം സ്വീകരിച്ച സിപിഎം സംഭവത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ് മലക്കം മറിഞ്ഞ് മാണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്.

പാര്‍ട്ടി അണികളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്ന ശക്തമായ എതിര്‍പ്പാണ് ചുംബന സമര വാദികളെ തള്ളിപ്പറഞ്ഞ് രംഗത്ത് വരാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് ഇതുസംബന്ധമായ നിലപാട് പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എം.ബി രാജേഷ് ചുംബന സമരക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആഹ്വാനം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മൂക്ക് കയര്‍.

കേരള കോണ്‍ഗ്രസ് മാണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് വിടുമെന്ന പ്രചാരണം ശക്തമായ ഘട്ടത്തില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന് വന്ന കോഴ ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തെക്കാള്‍ ഞെട്ടിച്ചത് സിപിഎം നേതൃത്വത്തെയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം പ്രതീക്ഷിച്ച സിപിഎം മാണി കോണ്‍ഗ്രസിന് ഇടത് പക്ഷത്ത് നല്‍കിയ ‘ബര്‍ത്ത്’ആണ് കോഴ ആരോപണത്തില്‍ തട്ടി തെറിച്ചത്.

ആരോപണമുയര്‍ന്ന ഘട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ വഴുതിമാറിയ സിപിഎം നേതാക്കളുടെ നടപടിയും നേതൃത്വത്തിന്റെ നിസ്സഹായാവസ്ഥയും മുതലെടുത്ത് ശക്തമായി രംഗത്ത് വന്നത് സിപിഐ ആയിരുന്നു.

മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐയിലെ സുനില്‍കുമാര്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ച് വിജിലന്‍സിനെ പ്രതിരോധത്തിലാക്കുന്ന ഉത്തരവ് വാങ്ങിയപ്പോഴും മാണിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിപിഎം നേതാക്കള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. സിപിഐ മാണിക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെയാണ് മനസ്സില്ലാ മനസോടെയാണെങ്കിലും സിപിഎമ്മും പരസ്യമായി രംഗത്തിറങ്ങിയത്.

വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകകൂടി ചെയ്തതോടെ ഇപ്പോള്‍ പ്രക്ഷോഭത്തിന്റെ ചാമ്പ്യന്‍മാരാകാന്‍ സിപിഎം സര്‍വ്വശക്തിയുമെടുത്താണ് ആഞ്ഞടിക്കുന്നത്. നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭ പരമ്പര നടത്താനാണ് വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

15ന് നടക്കുന്ന നിയമസഭാ മാര്‍ച്ച് കഴിഞ്ഞാല്‍ മാണി രാജിവെയ്ക്കുംവരെ സമരം തുടരാനാണ് തീരുമാനം. അടുത്ത് തന്നെ ചേരുന്ന ഇടത് മുന്നണി യോഗത്തില്‍ ഇതുസംബന്ധമായ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

സര്‍ക്കാരിനെതിരെ പാമോയില്‍ – സോളാര്‍ അടക്കമുള്ള എല്ലാ സമരങ്ങളിലും പരാജയപ്പെട്ട ചരിത്രം മാണിയുടെ രാജികാര്യത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രക്ഷോഭ സമരങ്ങള്‍ വ്യക്തമായ പ്ലാനോടുകൂടി തയ്യാറാക്കാനാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിനും സിപിഎം നല്‍കിയ നിര്‍ദേശം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യൂണിറ്റ് തലം മുതല്‍ അഴിമതി വലിയ വികാരമാക്കി ഉയര്‍ത്തിക്കൊണ്ട് വരാനാണ് സിപിഎമ്മിന്റെ ശ്രമം.

Top