വിജിലന്‍സ് കേസില്‍ പ്രതികളായ ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് കൈകൊടുത്ത് സര്‍ക്കാര്‍…

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ തടസമില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാകുന്നു.

പാമോലിന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചത്.

പാമോലിന്‍ കേസിലെ പ്രതിയെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ജിജി തോംസണ്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ആരൊക്കെ കുറ്റം ചെയ്തു- ചെയ്തില്ല തുടങ്ങിയ കാര്യങ്ങളില്‍ വാദം കേള്‍ക്കാനാകില്ലെന്ന് ടി.എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ പാമോലിന്‍ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ മുന്‍ സീനിയര്‍ ഐഎഎസ് ഓഫീസര്‍ പി.ജെ തോമസ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ കൂടെ മാത്രമെ ഇനി ജിജി തോംസണിന്റെ ഹര്‍ജി പരിഗണിക്കുകയൊള്ളു.

വിചാരണ പൂര്‍ത്തിയാകാതെ ഇരുവരെയും സുപ്രീംകോടതി കുറ്റവിമുക്തമാക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നത്.

സംസ്ഥാനത്തെ ഉദ്യോഗസ്ഥവൃന്ദത്തെ ആകെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ചീഫ് സെക്രട്ടറി തന്നെ വിജിലന്‍സ് കേസില്‍ പ്രതിയായി തുടരുന്നത് കേരളത്തെ സംബന്ധിച്ച് അസാധാരണ സംഭവമാണ്.

വിജിലന്‍സ് കേസില്‍പ്പെട്ട് ഉദ്യോഗക്കയറ്റവും മറ്റും നഷ്ടപ്പെട്ട് വകുപ്പുതല നടപടിക്ക് വിധേയരായി നിരവധി ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിരിക്കെ, കേസില്‍ പ്രതിയായ ജിജി തോംസണിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്.

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചീഫ് സെക്രട്ടറിക്ക് എങ്ങനെയാണ് സത്യസന്ധമായി ഉദ്യോഗസ്ഥരെ ‘ഭരിക്കാന്‍’ കഴിയുക എന്ന ചോദ്യമാണ് ഗൗരവമായി അവര്‍ ഉയര്‍ത്തുന്നത്.

നിലവില്‍ വിജിലന്‍സ് കേസില്‍ പ്രതികളായ എഡിജിപി ടോമിന്‍ തച്ചങ്കരി, മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി ശ്രീജിത്ത്, ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എസ്.പി രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായി തുടരുന്ന സാഹചര്യത്തില്‍ ക്രമസമാധാന ചുമതല ലഭിക്കാന്‍ കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് സൂചന.

വിജിലന്‍സിന്റെ ക്ലിയറന്‍സ് ഇല്ലാതെയാണ് സര്‍ക്കാര്‍ പ്രതികളായിട്ടും ടോമിന്‍ തച്ചങ്കരിക്കും ശ്രീജിത്തിനും വഴിവിട്ട് ഉദ്യോഗക്കയറ്റം നല്‍കിയിരുന്നത്. ഇതില്‍ ശ്രീജിത്ത് വിജിലന്‍സ് കേസിന് പുറമെ വസ്തു കയ്യേറിയ കേസില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1)ലെ ക്രിമിനല്‍ കേസിലും പ്രതിയാണ്.

അതേസമയം താരതമ്യേന ചെറിയ ആരോപണങ്ങളില്‍ പോലും വിജിലന്‍സ് അന്വേഷണത്തില്‍ കുരുങ്ങിയ നിരവധി കീഴുദ്യോഗസ്ഥര്‍ക്ക് വര്‍ഷങ്ങളായി വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെട്ട് ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുമുണ്ട്.

സര്‍ക്കാരിന്റെ ഈ ഇരട്ട നയത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണുള്ളത്. ഇവരില്‍ പലരും സര്‍ക്കാര്‍ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

സംസ്ഥാനത്ത് എല്ലാ മേഖലകളിലും സര്‍വ്വത്ര അഴിമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി തന്നെ തുറന്നടിച്ച് രംഗത്ത് വന്നത് അഴിമതി കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥരെ സംരിക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള കനത്ത പ്രഹരമാണ്.

ഡെപ്യൂട്ടേഷനില്‍ പോയ ഡിജിപി മഹേഷ് കുമാര്‍ സിംഗ്ലയെ മടക്കിക്കൊണ്ടുവന്ന് ടി.പി സെന്‍കുമാറിനെ ഡിജിപിയാക്കാനുള്ള നീക്കത്തിന് തടയിടാന്‍ ശ്രമിച്ച ‘ചില കേന്ദ്രങ്ങളുടെ’ നീക്കം പൊളിഞ്ഞത് ആന്റണിയുടെ കര്‍ക്കശ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും പ്രമുഖ സമുദായ നേതാവിനെയും കൂട്ടുപിടിച്ച് സെന്‍കുമാറിനെതിരെ കരുക്കള്‍ നീക്കിയത് വിവാദ ‘നായകരായ’ രണ്ട് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

Top