ചീഫ് സെക്രട്ടറിയുടെ ആരോപണം പാമൊലിന്‍ കേസില്‍ നിന്ന് തടിയൂരാന്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതിക്കും ധൂര്‍ത്തിനുമെതിരായ ചീഫ് സെക്രട്ടറിയുടെ പ്രതികരണം പാമൊലിന്‍ കേസില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന് ആരോപണത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍.

പാമൊലിന്‍ കേസില്‍പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ പ്രതിപക്ഷ നേതാവടക്കം ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഏറെ വിവാദങ്ങള്‍ക്കിടെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ജിജി തോംസണ് താന്‍ അഴിമതിക്കാരനല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടും ധൂര്‍ത്തും വന്‍വിവാദമാവുകയാണ്. ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറിയ ലാലിസത്തിനെതിരായ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് സംഘാടക സമിതിയുടെ അവലോകന യോഗത്തില്‍ ജിജി തോംസണ്‍ ആഞ്ഞടിച്ചത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മുന്‍ ഡയറക്ടര്‍ കൂടിയാണ് ജിജി തോംസണ്‍.

ഓണാഘോഷമല്ല, ദേശീയ ഗെയിംസാണ് നടക്കുന്നതെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ലാപ്‌ടോപ്പ് അടക്കം കോടികളുടെ ഉപകരണങ്ങള്‍ കാണാനില്ലെന്നത് അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ക്കു മാത്രമല്ല കായിക മന്ത്രിക്കുമുള്ള മുന്നറിയിപ്പാണ്. സംസ്ഥാന ഭരണത്തിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി. എല്ലാ ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നത് ചീഫ് സെക്രട്ടറിയാണ്. അതിനാല്‍ ഏറ്റവും സത്യസന്ധനും അഴിമതി രഹിതനുമായിരിക്കണം ഈ ഉദ്യോഗസ്ഥന്‍.

എന്നാല്‍ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. പാറ്റൂര്‍ ഭൂമിയിടപാട് മുതല്‍ വിമാനയാത്ര ആരോപണം വരെ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായത്. നേരത്തെ പാമൊലിന്‍ കേസില്‍ പ്രതിയായിരുന്ന ഇദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേസ് തന്നെ സര്‍ക്കാര്‍ പിന്‍വലിച്ച് ഹര്‍ജി നല്‍കി. എന്നാല്‍ കേസില്‍ വിചാരണ തുടരാനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇതോടെ ജിജി തോംസണിന്റെ ചീഫ് സെക്രട്ടറി സ്ഥാനം ത്രിശങ്കുവിലായി.

പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നല്‍കി. ഇത് അവഗണിച്ചാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കിയത്. അതിനാല്‍ അഴിമതി രഹിത പ്രതിച്ഛായ അനിവാര്യമായ ജിജി തോംസണ്‍ കിട്ടിയ അവസരം സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു.

Top