സ്വന്തം സ്ഥാപനത്തില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന യുവാവിന്റെ ദുരിതം ആദ്യം അകറ്റുക

ജനങ്ങളുടെ ‘സുരക്ഷിത’ ജീവിതത്തിനായി നിരാഹാരസമരം നടത്തുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആദ്യം ബാംഗ്ലൂരിലെ സ്വന്തം സ്ഥാപനത്തില്‍ നീതി തേടി നിരവധി ദിവസങ്ങളായി സമരം നടത്തുന്ന തൊഴിലാളികളുടെ കണ്ണീരൊപ്പിയിട്ടുവേണമായിരുന്നു സമരമാരംഭിക്കാന്‍.

ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്റിലെ റൈഡില്‍ നിന്നും വീണ് പരിക്കേറ്റ് ശരീരം തളര്‍ന്ന വിജേഷ് വിജയനെന്ന ചെറുപ്പക്കാരനോട് കാണിക്കാത്ത ദയ ഇവിടുത്തെ പട്ടിയുടെ പേരില്‍ കാണിക്കാന്‍ വന്നാല്‍ അതിന്റെ പിന്നിലെ താല്‍പര്യവും ജനങ്ങള്‍ക്ക് മനസ്സിലാവും.

തന്റെ പരാതി പറയാന്‍ സമരപന്തലില്‍ ബന്ധുക്കളുടെ സഹായത്തോടെ വീല്‍ ചെയറിലെത്തിയ ആ പാവം യുവാവിന്റെ കണ്ണീരിനു മേലെ താങ്കള്‍ എത്രദിവസം നിരാഹാരം കിടന്നാലും എന്ത് നാടകം കളിച്ചാലും അത് അല്‍പ്പത്തരമായി മാത്രമേ കാണാന്‍ സാധിക്കൂ.

സമ്പത്തുണ്ട് എന്നുകരുതി എന്തു അഹങ്കാരവും കാണിക്കാം,ആരെയും വെല്ലുവിളിക്കാം എന്ന ധാര്‍ഷ്ഠ്യം നല്ലതിനല്ല.

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം മന്ത്രിവസതികള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ച ഉപരോധ സമരത്തിനിടയിലേക്ക് സ്‌കൂട്ടറുമായി ചെന്ന് തട്ടിക്കയറിയ യുവതിക്ക് അഞ്ചുലക്ഷം രൂപ നല്‍കി പ്രോത്സാഹിപ്പിച്ച താങ്കള്‍ ആ തുക 13 വര്‍ഷമായി തളര്‍ന്ന ശരീരവുമായി കിടക്കുന്ന ഈ യുവാവിനു നല്‍കിയിരുന്നെങ്കില്‍ അതാകുമായിരുന്നു യഥാര്‍ത്ഥ മനുഷ്യസ്‌നേഹം.

അനീതിക്കെതിരെ പ്രതികരിക്കുന്ന മുഖമായി താങ്കള്‍ പ്രോത്സാഹിപ്പിച്ച ആ യുവതി പിന്നീട് കോണ്‍ഗ്രസ്സിന്റെ സമരപന്തലില്‍ ആവേശഭരിതയായി തിളങ്ങി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ അവരുടെ മാത്രമല്ല, താങ്കളുടെയും കപട മുഖംമൂടിയാണ് അഴിഞ്ഞുവീണത്.

പിന്നീട് സെക്രട്ടറിയേറ്റിന് മുന്നില്‍ പിഞ്ചുകുഞ്ഞുങ്ങളുമായി നിരാഹാരം കിടന്ന ജസീറക്കും കുഞ്ഞുങ്ങള്‍ക്കും താങ്കള്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ലഭിക്കാന്‍ താങ്കളുടെ വീടിനു മുന്നില്‍ തന്നെ അവര്‍ക്ക് നിരാഹാരം കിടക്കേണ്ടിവന്നതും ഈ കേരളം കണ്ടതാണ്.

ജനങ്ങളെ സേവിക്കുന്നതാണ് താങ്കളുടെ ധര്‍മ്മമെങ്കില്‍ അത് ആദ്യം സ്വന്തം സ്ഥാപനത്തില്‍ നിന്ന് തുടങ്ങണം. താങ്കളുടെ അത്രപോലും പണമില്ലാത്ത എത്രയോ പേര്‍ ഇവിടെ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. അവരൊന്നും പത്രത്തിലും ചാനലിലും മുഖം കാണിക്കുന്നതില്‍ തല്‍പരരല്ലാത്തതിനാല്‍ ജനങ്ങള്‍ തിരിച്ചറിയുന്നില്ലെന്നു മാത്രം.

ഇപ്പോള്‍ താങ്കള്‍ ആഗോള പ്രശ്‌നമായി അവതരിപ്പിച്ച് സംസ്ഥാന പോലീസ് മേധാവിയെപോലും അധിക്ഷേപിക്കുന്ന ഈ പട്ടി പ്രശ്‌നം പരിഹരിക്കേണ്ടത് പോലീസിന്റെ മാത്രം ചുമതലയാണോ ?

അക്രമകാരികളായ പട്ടികളെയൊക്കെ കൊല്ലുക തന്നെ വേണം. പക്ഷേ അത് അക്രമകാരികളെ മാത്രമായിരിക്കണം.

താങ്കള്‍ അടക്കമുള്ളവരുടെ ആകര്‍ഷകമായ ഓഫര്‍ കേട്ട് പട്ടിക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തല്ലിക്കൊല്ലുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല.

വന്യജീവികള്‍ക്ക് ജീവിക്കാന്‍ ഭൂമിയില്‍ കാടുണ്ട്. പക്ഷേ ഈ ഒരു വിഭാഗത്തിലും പെടാത്ത പട്ടികള്‍ എവിടെയാണ് ജീവിക്കേണ്ടത് എന്നുകൂടി ചിറ്റിലപ്പിള്ളി പറയണം.

കുട്ടികളെയും സ്ത്രീകളെയും അടക്കം കടിച്ച് പറിക്കുന്ന പേപ്പട്ടികള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നുനോക്കി അവിടെനിന്നു വേണം ചികിത്സ തുടങ്ങാന്‍.

പട്ടികളെ സംരക്ഷിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുള്ള നാട്ടില്‍ അതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ആദ്യം പ്രതിഷേധത്തിന്റെ മുഷ്ടി ഉയരേണ്ടത്.

സംസ്ഥാനത്തെ 3 ലക്ഷം തെരുവു നായകളെ കൊന്നൊടുക്കുക എന്നത് പ്രായോഗികമായി നടപ്പുള്ള കാര്യമല്ല. സൊസൈറ്റിയില്‍ ജീവിക്കാന്‍ നിയന്ത്രണമുള്ള ഈ വിഭാഗത്തിലെ ഒരു വിഭാഗത്തെ വീട്ടിനകത്ത് താമസിപ്പിക്കാമെന്നും തെരുവില്‍ കിടന്ന് വളര്‍ന്നവരെ തല്ലിക്കൊല്ലാമെന്നും പറയുന്നതിലുമുണ്ട് വിവേചനം.

unnamed

ഓരോ പട്ടിക്കും 445 രൂപ നിരക്കില്‍ നല്‍കുന്ന സബ്‌സിഡി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തി പട്ടികളെ സംരക്ഷിക്കാന്‍ തയ്യാറാവുകയായിരുന്നെങ്കില്‍ ഇന്നത്തെ സാഹചര്യം ഒരിക്കലും ഉണ്ടാവില്ലായിരുന്നു.

‘അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനും സംഘടിക്കാനും പ്രതിഷേധിക്കാനുമൊന്നും’ പട്ടികള്‍ക്ക് കഴിയാത്തതിനാല്‍ വധശിക്ഷ വിധിക്കാനും നടപ്പാക്കാനും എളുപ്പമാണല്ലോ?

ഒരു നിയന്ത്രണവുമില്ലാതെ പട്ടികളെയും കുഞ്ഞുങ്ങളെയും വ്യാപകമായി തല്ലിക്കൊല്ലുന്ന സാഹചര്യമുണ്ടായപ്പോള്‍ അതിനെതിരെ കേന്ദ്രമന്ത്രി മനേകാഗാന്ധിയുടെ കീഴിലുള്ള അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് അധികൃതര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത് ഇത്രയധികം ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ചിറ്റിലപ്പിള്ളിയും സംഘവും ആലോചിക്കുന്നത് നല്ലതാണ്.

ഈ പരാതിയിന്മേല്‍ നിയമപരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ഡിജിപിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ അദ്ദേഹത്തിന് തൊപ്പി തിരികെ വാങ്ങിക്കൊടുക്കാന്‍ ചിറ്റിലപ്പള്ളിയുടെ സമ്പത്തുകൊണ്ട് പറ്റില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

ഡിജിപിയുടെ നടപടിയില്‍ ചിറ്റിലപ്പിള്ളിക്ക് അതൃപ്തിയുണ്ടെങ്കില്‍ അതിന് മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ ഡിജിപിക്ക് കൊമ്പുണ്ടോ എന്ന് ചോദിച്ച് നിയമലംഘനത്തിന് ആഹ്വാനം ചെയ്യുകയല്ല വേണ്ടത്.

അദ്ദേഹത്തിന് ഈ ‘കൊമ്പ് ‘ ഉള്ളതുകൊണ്ടുതന്നെയാണല്ലോ താങ്കള്‍ അടക്കം ‘പട്ടിവധം’ നടപ്പാക്കിയവര്‍ക്കെതിരെ നടപടിയുണ്ടായത്.
പട്ടിയെ തല്ലിക്കൊല്ലുന്നതിനെതിരെ നടപടി സ്വീകരിച്ച ആലുവ റൂറല്‍ എസ്.പി മാപ്പ് പറയണം, അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണം അല്ലെങ്കില്‍ നിയമം കയ്യിലെടുക്കും എന്നൊക്കെ ചാനലില്‍ കൂടി വിളിച്ചുപറയുന്ന താങ്കളുടെ ഉദ്ദേശ്യം സത്യത്തില്‍ എന്താണ്..? ആരാണ് താങ്കള്‍..?

ആറു മാസം പോലും അധികാര കാലയളവ് ഇല്ലാത്ത ഏതെങ്കിലും മന്ത്രിപ്രമുഖന്റെ പ്രേരണയിലാണ് താങ്കളുടെ ഈ വെല്ലുവിളിയെങ്കില്‍ അതിലെ താല്‍പര്യം മനുഷ്യസ്‌നേഹമല്ല. മറ്റു പലതുമായിരിക്കും.

ആക്രമണകാരികളായ പട്ടികളെ കൊല്ലണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. പക്ഷേ അത് അപകടകാരികളായ പട്ടികളെ മാത്രമായിരിക്കണം.

ഒരു കൊലയാളി സൃഷ്ടിക്കപ്പെടുമ്പോള്‍ ആ കുടുംബത്തിലെ എല്ലാവരെയും പിടിച്ച് ആരും തൂക്കിലേറ്റാറില്ല. കൊലയാളിയായി ആരും മാറാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് കുറ്റകൃത്യം തടയുന്നതിനുള്ള ഫലപ്രദമായ നടപടി.

1951294

അതുപോലെ പേപ്പട്ടികളായി പട്ടികള്‍ മാറാതിരിക്കാന്‍ ആവശ്യമായ നടപടികളും അവയുടെ പുനരധിവാസവുമാണ് ഭരണകൂടം നടപ്പാക്കേണ്ടത്. അതിനായിരിക്കണം ചിറ്റിലപ്പിള്ളിയുടെയും സമരം. അല്ലാതെ ഡിജിപിയെയും എസ്പിയെയും തെറിപറയാനാവരുത്.

Team Express Kerala

Top