ചാരക്കണ്ണ് വിവാദം; നേതാജിയുടെ ബന്ധുക്കളെ മോഡി കാണും

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി മോഡി ജര്‍മനിയിലെത്തുമ്പോഴാണു കൂടിക്കാഴ്ച.

നേതാജിയുടെ ബന്ധുവും ജര്‍മനിയിലെ അറിയപ്പെടുന്ന ബിസിനസുകാരനുമായ സൂര്യ ബോസാ(65)ണു മോഡിയുമായി കൂടിക്കാഴ്ച നടത്തുക. തിങ്കളാഴ്ച ബെര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹം മോഡിക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാവും കൂടിക്കാഴ്ച. ഹാംബെര്‍ഗിലെ ഇന്‍ഡോജര്‍മന്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് സൂര്യ ബോസ്.

ഹാനോവര്‍ മെസി ട്രേഡ് ഫെയറും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനൊപ്പം മോഡി ഉദ്ഘാടനം ചെയ്യും. 1948 മുതല്‍ രണ്ട് ദശാബ്ദക്കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നതായി സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നെഹ്‌റുവിന്റെ മരണശേഷം നാലു വര്‍ഷം കൂടി നിരീക്ഷണം തുടര്‍ന്നതായും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളില്‍ വ്യക്തമാകുന്നു.

സംഭവത്തെ പുറത്തുവന്നതോടെ പ്രതിഷേധവുമായി നേതാജിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ബന്ധുവും കോല്‍ക്കത്തയിലെ വ്യവസായിയുമായ ചന്ദ്രകുമാര്‍ ബോസ് ആവശ്യപ്പെട്ടു. നേതാജിയുടെ മകളും ജര്‍മനിയില്‍ സാമ്പത്തിക ശാസ്ത്രജ്ഞയുമായ അനിത ബോസും നിരീക്ഷണം ഏര്‍പ്പെടുത്തിയതില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.

Top