ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സലോണയും യുവന്റസും മുഖാമുഖം

ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സലോണയും യുവന്റസും മുഖാമുഖം. ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇരുടീമുകളും ഈ കളി കളിക്കുന്നത് കാലുകള്‍കൊണ്ടാവില്ല. വികാരങ്ങളുടെ ഏറ്റുമുട്ടലായി അതുമാറും. കളിക്കളത്തില്‍ പക്ഷേ, ഈ വികാരങ്ങള്‍ക്ക് രണ്ടാം സ്ഥാനമേ ഉണ്ടാവൂ. അവിടെ ബാഴ്‌സയുടെ ആക്രമണവീര്യവും യുവന്റസിന്റെ പ്രതിരോധതന്ത്രങ്ങളുമാകും ഏറ്റുമുട്ടുക.

ഒത്തുകളി വിവാദത്തിലും തരംതാഴ്ത്തലിലും ഉഴറിയിട്ടും ടീമിനെ കൈവിടാതെ കൂടെനിന്ന ജിയാന്‍ലൂയിജി ബഫണ്‍ എന്ന ഗോള്‍കീപ്പറാണ് യുവന്റസിന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നത്. ബാഴ്‌സലോണയെ ലോകഫുട്‌ബോളിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കുന്നതിന് മധ്യനിരയില്‍നിന്ന് ചരടുവലിച്ച മാന്ത്രികന്‍, സാവിയുടെയും വിടവാങ്ങല്‍ മത്സരമാണിത്.

ലയണല്‍ മെസ്സിയും നെയ്മറും സുവാരസും ഒന്നിക്കുന്ന ബാഴ്‌സലോണ മുന്നേറ്റത്തെ എങ്ങനെ തടയുമെന്നതാകും യുവന്റസ് ചോദ്യം. മെസ്സിക്കൊപ്പം നെയ്മറും സുവരാസും ചേരുമ്പോള്‍, ബാഴ്‌സലോണ വെറുമൊരു സംഘമായിരിക്കില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയറണ്‍ മ്യൂണിക്കിനെതിരെയും സ്പാനിഷ് കിങ്‌സ് കപ്പ് ഫൈനലില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെയും മെസ്സി നേടിയ ഗോളുകള്‍ യുവന്റസ് ആരാധകരെ ഇതിനകംതന്നെ ഞെട്ടിച്ചിട്ടുണ്ടാവും.

മത്സരം ഏകപക്ഷീയമായിരിക്കില്ലെന്ന് ഉറപ്പ്. കാരണം, യുവന്റസ് റയല്‍ മാഡ്രിഡിനെ തറപറ്റിച്ചാണ് വരുന്നത്. ഗോള്‍കീപ്പര്‍ ബഫണ്‍ മുതല്‍ മുന്നേറ്റനിരയിലെ കാര്‍ലോസ് ടെവസ് വരെയുള്ള താരങ്ങള്‍ ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന നിശ്ചയദാര്‍ഢ്യമുള്ള താരങ്ങളാണ്. റയലിനെതിരെ ഇരുപാദങ്ങളിലും ഗോളടിച്ച അല്‍വാരോ മൊറാട്ടയും സീസണില്‍ യുവന്റസിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച കാര്‍ലോസ് ടെവസുമാണ് അവരുടെ ശക്തികേന്ദ്രങ്ങള്‍. ബഫണെപ്പോലെ കരിയറിലുടനീളം യുവന്റസിനൊപ്പം നിന്ന പ്രതിരോധനിര താരം ജോര്‍ജിയോ കിലീനിക്ക് പരിക്കുമൂലം കളിക്കാനാവില്ല എന്നതാണ് യുവന്റസ് നേരിടുന്ന വിഷമം.

സീസണില്‍ ട്രിപ്പിള്‍ തിളക്കം തേടിയാണ് ബാഴ്‌സയും യുവന്റസും ഫൈനലിന് തയ്യാറെടുക്കുന്നത്. ബാഴ്‌സ സ്പാനിഷ് ലീഗും ലീഗ് കപ്പും സ്വന്തമാക്കിക്കഴിഞ്ഞു. യുവന്റസിന്റെ ശേഖരത്തില്‍ സീരി എ കിരീടവും കപ്പുമുണ്ട്. 2008-09 സീസണില്‍ പെപ് ഗാര്‍ഡിയോളയ്ക്കു കീഴില്‍ ട്രിപ്പിള്‍ നേടിയിട്ടുള്ള ബാഴ്‌സ, ഒരേ സീസണില്‍ ലീഗ് കിരീടവും കപ്പും ചാമ്പ്യന്‍സ് ലീഗും രണ്ടുവട്ടം നേടുന്ന ആദ്യ ടീമാകാനുള്ള ശ്രമത്തിലാണ്. 12 വര്‍ഷത്തിനുശേഷം യുവന്റസ് ചാമ്പ്യന്‍സ് ലീഗ് കിരീടം തേടുമ്പോള്‍, അഞ്ചാം യൂറോപ്യന്‍ കിരീടമാണ് സ്പാനിഷ് വമ്പന്മാരുടെ നോട്ടം.

Top