ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമിഫൈനലില്‍ യുവന്റസിന് മുന്നില്‍ മുട്ടുമടക്കി റയല്‍

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ സെമിഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ യുവന്റസിന് ജയം. യുവന്റസിന്റെ തട്ടകമായ ടൂറിനില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് മുട്ടുമടക്കിയത്.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, ഗരെത് ബെയ്ല്‍, ഹാമിഷ് റോഡ്രിഗസ് എന്നിവര്‍ അണിനിരന്ന റയലിന് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിന് മുന്നില്‍ താളം കണ്ടെത്താനായില്ല.കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ അല്‍വാരോ മൊരാറ്റയിലൂടെ യുവന്റസ് റയലിന്റെ വല ചലിപ്പിച്ചു. സ്പാനിഷ് താരമായ അല്‍വാരോ കഴിഞ്ഞ സീസണില്‍ റയലിനായാണ് കളത്തിലിറങ്ങിയിരുന്നത്. 27ാം മിനിറ്റില്‍ ക്ലോസ് റെയ്ഞ്ച് ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിനെ ഒപ്പമെത്തിച്ചു. സീസണിലെ 54ാം ഗോളാണ് റൊണാള്‍ഡോ ടൂറിനില്‍ നേടിയത്.

ആദ്യ പകുതിയ്ക്ക് ശേഷം അര്‍ജന്റീനന്‍ താരം കാര്‍ലോസ് ടെവസിലൂടെ യുവന്റസിന്റെ വിജയഗോളെത്തി. റയലിന്റെ റൈറ്റ് ബാക്കായ ഡാനി കര്‍വജാല്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കാര്‍ലോസ് ടെവസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മല്‍സരത്തിലെ മികച്ച പ്രകടനം കൊണ്ട് മാത്രമേ റയലിന് ഇനി ഫൈനലിലേക്ക് മുന്നേറാനാകൂ.

Top