ചാമ്പ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടി, മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കു ജയം

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ബെന്‍ഫിക അത്‌ലറ്റിക്കോയെ 2-1ന് അട്ടിമറിച്ചു. സ്വന്തം കാണികളുടെ മുന്നില്‍ ഒരു ഗോളിനു മുന്നിട്ടു നിന്നശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ പരാജയം. എയ്ഞ്ചല്‍ കൊറെയ (23)യിലൂടെ മുന്നിലെത്തിയ അത്‌ലറ്റിക്കോയെ നിക്കോളാസ് ഗയ്റ്റാന്‍ (36), ഗോണ്‍സാലോ ഗ്വിഡസ് (51) എന്നിവരിലൂടെ ബെന്‍ഫിക കീഴടക്കി.

ഗ്രൂപ്പ് ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1നു വിഎഫ്എല്‍ വൂള്‍ഫ്‌സ്ബര്‍ഗിനെ കീഴടക്കിയപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി അതേ ഗോള്‍ വ്യത്യാസത്തില്‍ ബൊറൂസ്യ മോഷെന്‍ഗ്ലാദ്ബാഷിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സെവിയ്യ എഫ്‌സിയെ മറികടന്നു. ഗ്രൂപ്പ് എയില്‍ പിഎസ്ജി 3-0നു ഷാക്തര്‍ ഡൊണെറ്റ്‌സ്‌കിനെ കീഴടക്കി.

Top