ചാംപ്യന്‍സ് ലീഗ്: സെമി പൊടിപാറും

സൂറിച്ച്: ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിച്ച് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ നിലവിലെ യൂറോപ്യന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസുമായി ഏറ്റുമുട്ടും.
നിലവില്‍ ക്ലബ് ഫുട്‌ബോളില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ടീമുകള്‍ തന്നെയാണ് സെമിയിലെത്തിയിരിക്കുന്നത്. രണ്ട് മത്സരങ്ങളും ആവേശം വാനോളമുയര്‍ത്തുമെന്നുറപ്പ്. ബാഴ്‌സ ബയേണുമായി ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കെന്ന് പ്രവചിക്കുക അസാധ്യമാണ്. രണ്ട് ടീമുകളും താരനിരയാല്‍ സമ്പന്നമാണ്. കരുത്തില്‍ രണ്ട് ടീമും ഒപ്പത്തിനൊപ്പം നില്‍ക്കും. മെസി, നെയ്മര്‍, ലൂയിസ് സുവാരസ് തുടങ്ങിയ ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ ബാഴ്‌സ നിരയില്‍ അണിനിരക്കുമ്പോള്‍ അവര്‍ക്ക് മറുപടി നല്‍കാനുതകുന്ന മുന്നേറ്റനിര ബയേണിനും സ്വന്തമായുണ്ട്.
ലെവന്‍ഡോവ്‌സ്‌കിയും തോമസ് മുള്ളറും അണിനിരക്കുന്ന ബയേണിന്റെ മുന്നേറ്റനിരയും ബാഴ്‌സയ്‌ക്കൊപ്പം തന്നെ കരുത്താര്‍ജിച്ചതാണ്.
ഫലത്തില്‍ ബാഴ്‌സ ബയേണ്‍ പോരാട്ടം ആരാധകര്‍ക്ക് ആക്രമണ ഫുട്‌ബോളിന്റെ വിരുന്നൊരുക്കാനാണ് സാധ്യത. രണ്ടാമത്തെ സെമിയില്‍ യുവന്റസ് റയല്‍ പോരാട്ടവും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ്. പ്രതിരോധവും ആക്രമണവും ഒരുപോലെ സമന്വയിപ്പിച്ച് കളിക്കുന്ന യുവന്റസും ആക്രമണം പ്രതിരോധമാക്കിയ റയലും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കളി ആരുടെ വേണമെങ്കിലും സ്വന്തമാകാം. ലീഗില്‍ കുതിപ്പ് തുടരുന്ന യുവന്റസിന് നിലവിലെ ഫോം വെച്ചു നോക്കിയാല്‍ ചാംപ്യന്‍സ് ലീഗ് കിരീടം അന്യമൊന്നുമല്ല. റയലാകട്ടെ കിരീടം നിലനിര്‍ത്താനുള്ള ലക്ഷ്യവുമായി വന്‍ താരനിരയെയാണ് ഇത്തവണയും അണിനിരത്തിയിരിക്കുന്നത്.

Top