ചലച്ചിത്ര മേഖലയിലെ ബഹിഷ്‌ക്കരണം; സൂപ്പര്‍താരങ്ങളെ കുരുക്കി വിനയന്‍

കൊച്ചി: ചലച്ചിത്ര മേഖലയിലെ ബഹിഷ്‌കരണത്തിനെതിരെ സംവിധായകന്‍ വിനയന്‍ നിയമനടപടികളിലേക്ക് നീങ്ങിയതോടെ എതിര്‍കക്ഷികളാക്കപ്പെട്ട സൂപ്പര്‍താരങ്ങളായ മമ്മുട്ടിയും മോഹന്‍ലാലും ദിലീപും കുടുങ്ങി.

ഈ സൂപ്പര്‍താരങ്ങള്‍ ഇനി കമീഷന്റെ മുന്നില്‍ ഹാജരാകേണ്ടിവരും. ന്യൂഡല്‍ഹിയിലെ കോമ്പറ്റീഷന്‍ കമീഷനു മുമ്പാകെയാണ് താരസംഘടനയായ ‘അമ്മ’, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ‘ഫെഫ്ക’, സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരെ എതിര്‍കക്ഷികളാക്കി വിനയന്‍ പരാതി നല്‍കിയത്.

അഭിഭാഷകന്‍ മുഖേന സംവിധായകന്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് കോമ്പറ്റീഷന്‍ കമീഷന്‍ അന്വേഷണത്തിന് തീരുമാനിച്ചത്. 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. ചെയര്‍പേഴ്‌സണ്‍ അശോക് ചൗളയുടെ നേതൃത്വത്തിലെ അഞ്ചംഗ സമിതിയാവും പരാതിയില്‍ അന്വേഷണം നടത്തുക.

എതിര്‍കക്ഷികളാക്കപ്പെട്ട സൂപ്പര്‍താരങ്ങളും കമീഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കേണ്ടിവരും. ‘അമ്മ’, ഫെഫ്ക തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും കമീഷനു മുന്നില്‍ ഹാജരാകേണ്ടിവരും. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് യൂണിയന്‍ എന്നിവരും ആറും ഏഴും എതിര്‍ കക്ഷികളാണ്.

കോര്‍പറേറ്റ് മേഖലയിലെ അനാരോഗ്യകരമായ മത്സരങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോമ്പറ്റീഷന്‍ കമീഷന്റെ പ്രവര്‍ത്തനം. അപൂര്‍വമായി മാത്രമേ കമീഷനുമുന്നില്‍ ഫിലിം മേഖലയില്‍നിന്നുള്ള പരാതികള്‍ ലഭിക്കാറുള്ളൂ.

വിനയനുമായി സഹകരിക്കുന്ന നടന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ കത്തുകളും പരാതിയില്‍ വിനയന്‍ കമീഷനു മുമ്പാകെ ഹാജരാക്കിയിരുന്നു. 2 പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, സംഘടനകളുടെ സര്‍ക്കുലര്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്.

കമീഷന്റെ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിര്‍ദേശിച്ചതെന്ന് വിനയന്റെ അഭിഭാഷകരായ അഡ്വ. ഹര്‍ഷദ് വി. അഹമ്മദും ആഷ്‌ലി അഹമ്മദും പറഞ്ഞു.

വര്‍ഷങ്ങളായി നേരിടുന്ന ബഹിഷ്‌കരണത്തിനെതിരെ ഇതാദ്യമായാണ് വിനയന്‍ നിയമനടപടിയിലേക്ക് നീങ്ങുന്നത്.

‘സംഘടനകളുടെ വിലക്കിനെ നേരിട്ടും മലയാള സിനിമ ചെയ്യാന്‍ പറ്റും എന്ന് കാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഇതു ഞാന്‍ തെളിയിച്ചുകഴിഞ്ഞു’. സംഘടനാബലത്തിന്റെ പേരിലെ ഏകാധിപത്യ സ്വഭാവത്തിനെതിരെയാണ് ഇപ്പോഴത്തെ നിയമനടപടിയെന്നും വിനയന്‍ പറഞ്ഞു.

Top