ചരിത്രം വളച്ചൊടിക്കരുതെന്ന് മോഡിയോട് ചരിത്രകാരന്‍മാര്‍

ന്യൂഡല്‍ഹി: ചരിത്രപരമായ വസ്തുതകള്‍ക്ക് വിരുദ്ധമായ രീതിയില്‍ സംസാരിക്കുന്ന പ്രവണത പ്രധാനമന്ത്രി നരേന്ദ്ര മോഡി അവസാനിപ്പിക്കണമെന്ന് ചരിത്രകാരന്‍മാര്‍. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ചരിത്രകാരന്‍മാരുടെ യോഗത്തിലാണ് മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. 2000 പ്രൊഫഷണല്‍ ചരിത്രകാരന്‍മാര്‍ യോഗത്തല്‍ പങ്കെടുത്തു.

കഴിഞ്ഞ ഒക്ടോബറില്‍ ഗണേശദൈവത്തെ കുറിച്ച് മോഡി നടത്തിയ പരാമര്‍ശമാണ് ചരിത്രകാരന്‍മാരെ പ്രകോപിപ്പിച്ചത്. ഗണേശ ദൈവം പ്ലാസ്റ്റിക് സര്‍ജറിയുടെ ഉത്പന്നമാണെന്നായിരുന്നു മോഡി നടത്തിയ പരാമര്‍ശം. മോഡി ചരിത്രം വളച്ചൊടിക്കുകയാണെന്ന് ചരിത്രകാരന്‍മാര്‍ കുറ്റപ്പെടുത്തി.

ചരിത്രവും പുരാണേതിഹാസവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനാണ് മോഡിയുടെ ശ്രമമെന്ന് പ്രമുഖ ചരിത്രകാരന്‍ ആദിത്യ മുഖര്‍ജി പറഞ്ഞു. എല്ലാ സമൂഹത്തിലും പലതരത്തിലുള്ള അസാധാരണ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അവയെല്ലാം ചരിത്രമായി പരിഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് നേരെയുണ്ടായ വിമര്‍ശനം കൂടാതെ പല പ്രധാന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സ്‌കൂള്‍ പുസ്തകങ്ങളില്‍ വരുത്തേണ്ട മാറ്റമാണ് പ്രധാനമായും ചര്‍ച്ച ചെയ്ത മറ്റൊരു പ്രധാനകാര്യം. വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.

Top