ചരിത്രം തിരുത്തപ്പെട്ടു; അര്‍ജന്റീനയെ കീഴടക്കി ചിലി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി

സാന്റിയോഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിക്ക് ചരിത്രവിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ ചിലി പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു ചിലി വിജയം സ്വന്തമാക്കിയത്.

ഷൂട്ടൗട്ടില്‍ ഫെര്‍ണാണ്ടസ്, വിദാല്‍, അരാന്‍ക്വിസ്, സാഞ്ചസ് എന്നിവര്‍ ഗോള്‍ നേടിയത് ചിലിയുടെ 99 വര്‍ഷത്തെ കാത്തിരിപ്പിലേക്കായിരുന്നു. ചരിത്രത്തിലാദ്യമായാണ് ചിലി കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ജേതാക്കളാകുന്നത്. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ചിലി അര്‍ഹിച്ച വിജയമാണ് നേടിയത്.

ലയണല്‍ മെസ്സി കളിമികവിന്റെ നിഴലായപ്പോള്‍ അര്‍ജന്റീന വിയര്‍ത്തു. പന്ത് ഭൂരിഭാഗം സമയവും ആദ്യകിരീടത്തിനായി ഹൃദയം കൊണ്ടുകളിച്ച ചിലിയുടെ കാലിലായിരുന്നു. ഷൂട്ടൗട്ടില്‍ മെസ്സിക്ക് മാത്രമേ ലക്ഷ്യംകാണാനായുള്ളൂ. ഹിഗ്വയ്‌ന് ഉന്നം പിഴച്ചപ്പോള്‍ ബനേഗയുടെ കിക്ക് ചിലി ക്യാപ്റ്റന്‍ ബ്രാവോ തട്ടിയകറ്റി. മെസ്സിയും അര്‍ജന്റീനയും കണ്ണീരില്‍ മുങ്ങി.

Top