ഗൗരിയമ്മയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്‌ വിഎസിനെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗം

തിരുവനന്തപുരം: കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും പിന്നീട് സി.പി.എം വിട്ട് ജെ.എസ്.എസ് രൂപീകരിച്ച് യു.ഡി.എഫ് പാളയത്തിലേക്കു ചേക്കേറുകയും ചെയ്ത കെ.ആര്‍ ഗൗരിയമ്മയെ സി.പി.എമ്മിലേക്ക് തിരിച്ചെടുക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗം.

പാര്‍ട്ടിയില്‍ വി.എസിനൊപ്പം തന്നെ ത്യാഗോജ്വല പ്രവര്‍ത്തന പാരമ്പര്യമാണ് ഗൗരിയമ്മക്കും ഉള്ളത്. ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുവന്ന് കര്‍ഷകതൊഴിലാളികള്‍ക്കു കിടപ്പാടം നല്‍കിയത് ഗൗരിയമ്മയാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി സി.പി.എം പിറന്നപ്പോള്‍ കുടുംബ ബന്ധം പോലും ഉപേക്ഷിച്ച് സി.പി.എമ്മിനൊപ്പം നിന്ന നേതാവാണ് ഗൗരിയമ്മ. ഗൗരിയമ്മയുടെ ഭര്‍ത്താവായിരുന്ന ടി.വി തോമസ് സി.പിഐയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഗൗരിയമ്മ- ടി.വി തോമസ് വിവാഹബന്ധം വേര്‍പിരിയാന്‍ ഇടയായതില്‍ പോലും പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.

പാര്‍ട്ടിക്കുവേണ്ടി ജീവിച്ച ഗൗരിയമ്മയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഗൗരിയമ്മയെ തഴഞ്ഞ് നായനാരെ മുഖ്യമന്ത്രിയാക്കി പാര്‍ട്ടി വഞ്ചിക്കുകയായിരുന്നു.

‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി മുഖ്യമന്ത്രി’ എന്ന് അലയടിച്ച മുദ്രാവാക്യം പോലും മറന്നായിരുന്നു പാര്‍ട്ടി വഞ്ചന.

ഒടുവില്‍ സി.പി.എം വിട്ട ഗൗരിയമ്മയെ അതുവരെ ശത്രുവായികണ്ട കെ.കരുണാകരനാണ് യു.ഡി.എഫ് സഖ്യകക്ഷിയാക്കി മന്ത്രിയാക്കിയത്. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം കോട്ടയായിരുന്ന ആലപ്പുഴ ഗൗരിയമ്മയും കോണ്‍ഗ്രസും തൂത്തുവാരുകയായിരുന്നു. കരുണാകരന്റെ വിയോഗത്തോടെയാണ് യു.ഡി.എഫില്‍ ഗൗരിയമ്മ അവഗണിക്കപ്പെട്ടത്.

ഗൗരിയമ്മയെ നേരിട്ട് സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കാനാണ് തീരുമാനം. വി.എസിന്റെ തട്ടകമായ ആലപ്പുഴയില്‍ ഗൗരിയമ്മയുടെ സാന്നിധ്യം സി.പി.എമ്മിന് പുതുജീവന്‍ പകരും.

പഴയ തലമുറയിലെ പാര്‍ട്ടിക്കാര്‍ക്ക് ഗൗരിയമ്മ ഇന്നും ആരാധ്യ നേതാവാണ്. വി.എസിനെ സംസ്ഥാന കമ്മറ്റിയില്‍ പോലും ഉള്‍പ്പെടുത്താത്ത ഔദ്യോഗികപക്ഷം ഗൗരിയമ്മയെ നേരിട്ട് സംസ്ഥാന കമ്മിറ്റിയിലെടുക്കുന്നത് വി.എസിന്റെ ചിറകരിയാനാണ്. സംസ്ഥാന കമ്മറ്റിയംഗമായോ പ്രത്യേക ക്ഷണിതാവായോ കമ്മറ്റിയില്‍ ഉള്‍പ്പടുത്താനാണ് നീക്കം

വി.എസിന്റെ തട്ടകമായ ആലപ്പുഴ തന്നെയാണ് ഗൗരിയമ്മയുടെ സ്വാധീന കേന്ദ്രവും. പാര്‍ട്ടിയിലുള്ള കാലത്തുതന്നെ വിഭാഗീയതയുടെ പേരില്‍ വി.എസിനെ രൂക്ഷമായി എതിര്‍ത്ത നേതാവാണ് ഗൗരിയമ്മ.

ഗൗരിയമ്മയിലൂടെ പ്രബലമായ ഈഴവ സമുദായത്തിന്റെ പിന്തുണയും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.

നിലവില്‍ കേരളത്തിലെ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവെന്ന നിലയില്‍ വി.എസിനു ലഭിക്കുന്ന പരിഗണനക്ക് ഗൗരിയമ്മ വരുന്നതോടെ മങ്ങലേല്‍ക്കുമെന്നാണ് പാര്‍ട്ടിയിലെ വി.എസ് വിരുദ്ധരുടെ പ്രതീക്ഷ. വി.എസിന് തുല്യമായ പ്രാധാന്യം തന്നെയായിരിക്കും ഗൗരിയമ്മക്കും പാര്‍ട്ടി നല്‍കുക.

സംസ്ഥാനത്ത് പാര്‍ട്ടി വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ വി.എസിന് അര്‍ഹമായ പരിഗണന നല്‍കിയിട്ട് വേണമായിരുന്നു ഗൗരിയമ്മയെ സംസ്ഥാന നേതൃത്വം പരിഗണിക്കേണ്ടതെന്നാണ് ഭൂരിപക്ഷം സി.പി.എം അനുഭാവികളുടെയും അഭിപ്രായം.

Top