ഗ്ലോറി എഡിഷന്‍; മാരുതി സ്വിഫ്റ്റിന്റെ പരിമിതകാല പതിപ്പ്

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജനപ്രിയ മോഡലായ ‘സ്വിഫ്റ്റി’ന്റെ പരിമിതകാല പതിപ്പ് അവതരിപ്പിച്ചു. ചുവപ്പിന്റെയും കറുപ്പിന്റെയും ഭമഗിയും പകിട്ടുമൊക്കെയായി കാഴ്ചയിലെ പുതുമകളും പരിഷ്‌കാരങ്ങളുമായി ഉത്സവാഘോഷവേളയിലെത്തുന്ന കാറിന് ‘ഗ്ലോറി എഡീഷന്‍’ എന്നാണു പേര്.

പുറത്ത് ചുവപ്പില്‍ തീര്‍ത്ത സൈഡ് സ്‌കെര്‍ട്ടുകള്‍ക്കും ബംപര്‍ എക്സ്റ്റന്‍ഷനുമൊപ്പം കറുപ്പ് നിറത്തിലുള്ള ‘സി പില്ലറും’ കാറിലുണ്ട്. ചുവപ്പ് നിറമടിച്ച മുകള്‍ ഭാഗവും മിറര്‍ ക്യാപ്പും പുത്തന്‍ റിയര്‍ സ്‌പോയ്‌ലറുമുള്ള ‘ഗ്ലോറി എഡീഷനി’ല്‍ ബോണറ്റിലും റൂഫിലും പാര്‍ശ്വത്തിലുമൊക്കെ റേസിങ് സ്‌ട്രൈപ്പുകളും ഇടംപിടിക്കുന്നു.

ചുവപ്പും കറുപ്പും സംഗമിക്കുന്ന ഇരട്ടവര്‍ണ അപ്‌ഹോള്‍സ്ട്രിയാണ് കാറിന്റെ അകത്തളത്തിലുമുള്ളത്; സ്റ്റീയറിങ് വീലിനും ഗീയര്‍ കവറിനുമൊക്കെ ഇതേ നിറക്കൂട്ടാണ്. പുത്തന്‍ ഫ്‌ളോര്‍ മാറ്റുകള്‍ക്കൊപ്പം ബ്ലൂടൂത്ത് സംവിധാനമുള്ള മ്യൂസിക് സിസ്റ്റവും കാറിലുണ്ട്. റിയര്‍വ്യൂ കാമറ സഹിതമുള്ള റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റും ‘ഗ്ലോറി എഡീഷനി’ല്‍ വാഗ്ദാനമുണ്ട്.

നിലവിലുള്ള ‘വി എക്‌സ് ഐ’, ‘വി ഡി ഐ’ വകഭേദങ്ങളാണു ‘ഗ്ലോറി എഡീഷന്‍’ ആയി രൂപാന്തരപ്പെടുത്തുന്നത്. സാങ്കേതികവിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയെത്തുന്ന ‘സ്വിഫ്റ്റ് ഗ്ലോറി എഡീഷ’ന്റെ വിലയെപ്പറ്റി സൂചനയൊന്നുമില്ല.

Top