ഗ്രൂപ്പ് വീതംവയ്പില്‍ അവഗണിക്കപ്പെട്ടവരെ ലക്ഷ്യമിട്ട് സുധീര വിഭാഗത്തിന്റെ കരുനീക്കം

കൊച്ചി:കോണ്‍ഗ്രസ്സിലെ അസംതൃപ്ത വിഭാഗത്തെ ലക്ഷ്യമിട്ട് സുധീര വിഭാഗത്തിന്റെ കരുനീക്കം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വീതം വയ്പിനിടയില്‍ അവഗണിക്കപ്പെട്ട നല്ലൊരു വിഭാഗത്തെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മൂന്നാം ചേരിയോട് അടുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സുധീരവിഭാഗം.

മിക്ക ജില്ലകളിലും സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട എ-ഐ ഗ്രൂപ്പുകളില്‍ ശക്തമായ ഭിന്നതയാണ് നിലനില്‍ക്കുന്നത്. അതില്‍ ചിലയിടങ്ങളില്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സുധീരന്‍ തന്നെ ഇടപെട്ട് സീറ്റ് ലഭ്യമാക്കുന്ന സ്ഥിതിവരെയുണ്ടായി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുക എന്നതിനേക്കാള്‍ വിജയിച്ചു കഴിഞ്ഞാലുള്ള സ്ഥാനമാനങ്ങളിലേക്കാണ് പലരുടെയും നോട്ടം. കൊച്ചി കോര്‍പ്പറേഷനടക്കമുള്ള സുപ്രധാന ഇടങ്ങളില്‍ ഇതുമൂലം നായകരെ അടക്കം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടുമില്ല. തിരഞ്ഞെടുപ്പില്‍ ഭരണം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനും കെപിസിസി പ്രസിഡന്റിന്റെ നിലപാട് നിര്‍ണ്ണായകമാകുമെന്നതിനാല്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ തന്നെയാണ് സുധീരവിഭാഗത്തിന്റെ തീരുമാനം.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പാര്‍ട്ടിയില്‍ വ്യക്തമായ സ്വാധീനമുറപ്പിക്കാന്‍ എ-എ ഗ്രൂപ്പുകളിലെ അസംതൃപ്തരെ ആകര്‍ഷിക്കുന്നതുവഴി കഴിയുമെന്ന കണക്കുകൂട്ടലിലാണ് സുധീര അനുകൂലികള്‍.

കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് ഇടപെട്ട് മാറ്റുമെന്നാണ് പ്രതീക്ഷ.

അത്തരമൊരു സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയും ഐ ഗ്രൂപ്പ് നേതാവുമായ രമേശ് ചെന്നിത്തലയ്ക്കുവേണ്ടി വാദങ്ങള്‍ ഉയരുമെങ്കിലും രാഹുല്‍ഗാന്ധിയുമായും സോണിയാഗാന്ധിയുമായുള്ള അടുപ്പം മുന്‍നിര്‍ത്തി നറുക്ക് ഒടുവില്‍ സുധീരന് തന്നെ വീഴുമെന്ന പ്രതീക്ഷയിലാണ് നീക്കങ്ങള്‍.

എ.കെ. ആന്റണിയുടെ പിന്തുണയും ഇക്കാര്യത്തില്‍ സുധീര അനുകൂലികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഡല്‍ഹിക്ക് പറക്കേണ്ട സാഹചര്യമുണ്ടായത് ആന്റണി മറക്കാത്തതിനാലാണ് സുധീരന് കെപിസിസി പ്രസിഡന്റായി ഇരിക്കാന്‍ കഴിഞ്ഞതെന്ന് വിശ്വസിക്കുന്ന എ-ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സുധീരന്റെ പേര് ആന്റണി നിര്‍ദ്ദേശിക്കുമോ എന്ന ഭയത്തിലാണ്.

ഉമ്മന്‍ചാണ്ടി മാറുകയാണെങ്കില്‍ ആന്റണി വന്നാലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സുധീരന്‍ ഒരിക്കലും വരരുതെന്ന നിലപാടിലാണവര്‍.

സുധീരന്‍ നായകനാവുകയാണെങ്കില്‍ ഗ്രൂപ്പുകളുടെ ചരമഗീതം നടക്കുമെന്ന ഭീതിയാണ്’പൊതുശത്രു’വിനെതിരെ ഗ്രൂപ്പ് വൈരം മറന്ന് ചിന്തിക്കാന്‍ എ-എ വിഭാഗങ്ങളെ പ്രേരിപ്പിക്കുന്നത്. അഴിമതിരഹിത പ്രതിച്ഛായയാണ് സുധീരന് ഹൈക്കമാന്റ് കാണുന്ന മെറിറ്റ്.

ഭരണത്തിന്റെ കേമം കൊണ്ടല്ല മറിച്ച് പ്രതിപക്ഷത്തിന്റെ തകര്‍ച്ചയാണ് തുടര്‍ച്ചയായി ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പ്രധാന ഘടകമായതെന്നാണ് ഹൈക്കമാന്റിന്റെയും വിലയിരുത്തല്‍.

ബിജെപി-എസ്എന്‍ഡിപി യോഗം കൂട്ടുകെട്ടിനെതിരെ സുധീരന്‍ ആഞ്ഞടിച്ച് രംഗത്തു വന്നപ്പോള്‍ മൃദുസമീപം സ്വീകരിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധമുള്ള കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളിലെ ഒരു വിഭാഗവും സുധീരന്‍ വരികയാണെങ്കില്‍ വരട്ടെ എന്ന നിലപാടിലാണ്.

മുസ്ലീംലീഗ് അടക്കമുള്ള ചില ഘടകകക്ഷികള്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ഈ മൃദുസമീപനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. അവസരം വന്നാല്‍ മാറി ചിന്തിക്കാനാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത.

Top