പി.ജി ഇരുന്ന കസേരയില്‍ ഉണ്ണിത്താനും ഇരിക്കാം; ‘ബ്ലാക്ക് മെയില്‍’ അനുവദിക്കരുത്‌

സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് അംഗീകിരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ച ചലചിത്ര പ്രവര്‍ത്തകരായ വൈസ്‌ചെയര്‍മാന്‍ ഇടവേള ബാബു, അംഗങ്ങളായ മണിയന്‍പിള്ള രാജു, ഷാജി കൈലാസ്, സിദ്ദിഖ്, കാലടി ഓമന എന്നിവരുടെ നടപടി പ്രതിഷേധാര്‍ഹവും ഭരണകൂടത്തോടുള്ള വെല്ലുവിളിയുമാണ്.

ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ഭരണകൂടങ്ങളുടെ നടപടിക്കെതിരായി ഉയരുന്ന ചെറുത്ത് നില്‍പ്പായി ഒരിക്കലും ഈ സിനിമാക്കാരുടെ നടപടിയെ കാണാനാവില്ല. പൊതു താല്‍പര്യം മുന്‍നിര്‍ത്തിയല്ല മറിച്ച് സ്വന്തം താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവര്‍ ഭരണകൂടത്തെ ‘ബ്ലാക്ക്‌മെയില്‍’ ചെയ്യുന്നത്.

സംസ്ഥാനത്ത് ഭരണം നടത്തുന്ന സര്‍ക്കാരിന് അവര്‍ക്ക് താല്‍പര്യമുളള ആരെയും ഒഴിവുള്ള സ്ഥലത്ത് നിയമിക്കാം. അത് ചട്ടപ്രകാരവും നിയമപ്രകാരവും ആയിരിക്കണമെന്ന് മാത്രം.

ഇവിടെ രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ എന്ത് ചട്ടലംഘനമാണ് നടന്നത്? സിപിഎമ്മിന്റെ താത്വികാചാര്യനായ ആദരണീയനായ പി. ഗോവിന്ദപിളള വഹിച്ച പദവിയാണ് ഇതെന്ന് ഉണ്ണിത്താന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ ഓര്‍ക്കണം.

ഒരു കോണ്‍ഗ്രസ്സ് നേതാവായി പോയി എന്നത് കൊണ്ട് മാത്രം അദ്ദേഹം അപമാനിക്കപ്പെടുന്നത് ശരിയായ നടപടിയല്ല. രാഷ്ട്രീയപരമായും മറ്റും ഉണ്ണിത്താന്റെ കാഴ്ചപ്പാടുകളോട് യോജിക്കാത്തവരുണ്ടാകാം. അത് മനസ്സിലാക്കാനും പറ്റും. പക്ഷേ സ്വാര്‍ത്ഥ താല്‍പര്യത്തിനായി അപമാനിക്കരുത്. അങ്ങനെ നിങ്ങള്‍ ഒരുമ്പെട്ട് ഇറങ്ങിയാല്‍ ചലചിത്രലോകത്തെ അണിയറ ‘രഹസ്യങ്ങളും’ പുറത്താകുമെന്ന് ഓര്‍ക്കുക. അത് നിങ്ങളില്‍ പലര്‍ക്കും ഒരുക്കലും സുഖകരമായ വാര്‍ത്തായാവില്ല.

കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവ് കൂടിയായിരുന്ന നിര്‍മ്മാതാവ് സാബു ചെറിയാനെ ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവര്‍ കോണ്‍ഗ്രസ്സ് വക്താവായ ഉണ്ണിത്താനെ അംഗീകരിക്കാത്തതിന്റെ യുക്തിയും മനസ്സിലാകുന്നില്ല. വീണ്ടും സാബു ചെറിയാന് ഒരവസരം കൂടി കൊടുക്കാത്തതിലുളള അമര്‍ഷമാണോ എതിര്‍പ്പിന് പിന്നില്‍ ?

ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ ക്രമക്കേടുകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന ഉണ്ണിത്താന്റെ പ്രതികരണവും ചലച്ചിത്ര പ്രവര്‍ത്തകരുടെ എതിര്‍പ്പും കൂട്ടിവായിക്കുമ്പോള്‍ പലതും ഇവിടെ മനസ്സിലാക്കാവുന്നതെയുള്ളു.

ഉണ്ണിത്താനില്‍, രാജിവച്ച ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കാണുന്ന അയോഗ്യത അദ്ദേഹം സിനിമാക്കാരനല്ല എന്നതാണ്. രാഷ്ട്രീയക്കാരന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തലപ്പത്ത് വന്നാല്‍ സിനിമാമേഖല തകരുമെന്നാണ് ഇവരുടെ മറ്റൊരു പ്രചാരണം. ഇത് രണ്ടും വസ്തുതക്ക് നിരക്കാത്ത വാദങ്ങളാണ്.

ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ സലീംകുമാറിന്റെ പ്രതികരണത്തില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. ‘രാഷ്ട്രീയക്കാരന്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ തലപ്പത്ത് വന്നതാണ് രാജിക്ക് കാരണമെങ്കില്‍, സിനിമാക്കാരനായ ഇന്നസെന്റ് രാഷട്രീയത്തിലിറങ്ങിയപ്പോള്‍ രാഷ്ട്രീയക്കാരാരും രാജി വച്ചില്ലെല്ലോ’ എന്നായിരുന്നു സലീംകുമാറിന്റെ മറുപടി.

സിനിമാക്കരനല്ലാത്ത പി.ഗോവിന്ദപിളളയെ ചെര്‍മാനാക്കിയപ്പോള്‍ ഇല്ലാത്ത പ്രതിഷേധം ഇപ്പോള്‍ ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് ധാര്‍മ്മികമായി അവകാശമില്ലെന്നും ഓര്‍ക്കണം.

കോടികള്‍ കിലുങ്ങുന്ന സെലിബ്രിറ്റി ക്രിക്കറ്റില്‍ അടിതെറ്റാതിരിക്കാന്‍, നല്ല കളിക്കാരെ തേടിപിടിച്ച് ചില സിനിമകളില്‍ ‘മിന്നിപോവാന്‍’ അവസരം കൊടുത്ത് സിനിമാക്കാരനായി അംഗീകരിക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ?

സുരേഷ് ഗോപിയുടെ ടൈഗര്‍ അടക്കം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ച ഉണ്ണിത്താന്‍ ഒരു നടനും കൂടിയാണെന്ന് അദ്ദേഹത്തിന് സിനിമയില്‍ അവസരം നല്‍കിയ ഷാജി കൈലാസും മറന്ന് പോയോ ?

ഇനി ഒരു വാദത്തിന് വേണ്ടി നിങ്ങള്‍ പറഞ്ഞ വാദങ്ങളെല്ലാം ശരിവച്ചാല്‍ തന്നെ ഒരു ചോദ്യം ചോദിക്കാതെ വയ്യ. രാഷ്ട്രീയക്കാര്‍ ചലചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനാവാന്‍ പാടില്ലെന്ന് പറയാന്‍ നിങ്ങള്‍ക്കെന്ത് അധികാരം ? താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായിട്ടൊന്നുമല്ലല്ലോ ഉണ്ണിത്താനെ സര്‍ക്കാര്‍ നിയമിച്ചത്.

ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച് തിരഞ്ഞെടുക്കുന്ന ഭരണകൂടം ഏത് പാര്‍ട്ടിയുടേതാണെങ്കിലും അത് ജനങ്ങളുടെ സര്‍ക്കാരാണ്. ആ സര്‍ക്കാറിന് ഒരു നിയമനം നടത്താന്‍ ഏതെങ്കിലും സിനിമാക്കാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.

വിമര്‍ശകരായ നിങ്ങളില്‍ പലരെയും മാനദണ്ഡങ്ങള്‍ നോക്കി തന്നെയാണോ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞെടുത്തതെന്ന് വിലയിരുത്താന്‍ ഒരു ‘ഇടവേള’ യിലേക്ക് പോവേണ്ട കാര്യവുമില്ല.

സര്‍ക്കാര്‍ നിലപാടില്‍ വിയോജിപ്പുണ്ടെങ്കില്‍ ആര്‍ക്കും ചലച്ചിത്രവികസന കോര്‍പ്പറേഷനില്‍ നിന്ന് രാജിവയ്ക്കാം… പുറത്ത് പോവാം… പക്ഷെ, അതിന് ഉണ്ണിത്താനെ മറയാക്കി ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയക്കാരെ ഒന്നടങ്കം ആക്ഷേപിക്കേണ്ട കാര്യമില്ലായിരുന്നു.

ഇതുവരെ നിങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുന്നിട്ട് ചെയ്യാത്ത കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ഉന്നയിച്ച് നിയുക്ത ചെയര്‍മാനെതിരെ രംഗത്തുവരുന്നത് ദുരുദ്ദേശപരം തന്നെയാണ്.

ആരോപണം ഉന്നയിക്കും മുന്‍പ് ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന എത്ര സിനിമകള്‍ വിജയിക്കുന്നുണ്ടെന്ന് നിങ്ങള്‍ വിലയിരുത്തണം. സിനിമയെടുക്കാനും അഭിനയിക്കാനുമുള്ള നിങ്ങളുടെ ആരുടേയും യോഗ്യതയെ ചോദ്യം ചെയ്തിട്ടല്ലല്ലൊ ജനങ്ങള്‍ സിനിമ കാണുന്നത്. സിനിമയുടെ പ്രമേയവും അഭിനയവും മുന്‍ നിര്‍ത്തിയാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ആ വിധിയെഴുത്തിന്റെ പ്രഹരമേറ്റത് കൊണ്ടാണ് നിങ്ങളില്‍ പലരും ഇപ്പോള്‍ വീട്ടില്‍ തന്നെ ഇരിക്കുന്നത്.

അതുപോലെ രാജ്‌മോഹന്‍ എന്ന രാഷ്ട്രീയക്കാരനിലെ ഭരണ കര്‍ത്താവിനെ വിലയിരുത്താന്‍ ഒരവസരം നല്‍കുക. അതിനുശേഷമായിരിക്കണം വിധിയെഴുതേണ്ടത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങളുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ക്ക് ചോദ്യം ചെയ്യേണ്ടിവരില്ലായിരുന്നു.

Team ExpressKerala

Top