ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിവസ് ആയി ആചരിക്കാന്‍ ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ‘ബലിദാന്‍ ദിവസ്’ ആയി ആചരിക്കാന്‍ ഹിന്ദു മഹാസഭ പദ്ധതിയിടുന്നതായി ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

രാജ്യമൊട്ടാകെയുള്ള 120 കേന്ദ്രങ്ങളിലും, ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ന് ബലിദാന്‍ ദിവസ് ആയി ആഘോഷിക്കാന്‍ അഖില ഭാരത് ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാനും മഹാരാഷ്ട്രയുമാണ് പരിപാടി നടത്താന്‍ കൂടുതല്‍ തല്‍പരരായി മുന്നോട്ട് വന്നിട്ടുള്ളതെന്ന് കൗശിക് പറഞ്ഞു.

ഗാന്ധിയെക്കാള്‍ കൂടുതല്‍ ദേശസ്‌നേഹമുള്ള വ്യക്തിയായിരുന്നു ഗോഡ്‌സെ. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അങ്ങനെയാണ് വിശ്വസിക്കുന്നത്. എന്തുകൊണ്ട് ഗോഡ്‌സെ മഹാത്മ ഗാന്ധിയെ കൊന്നുവെന്നതിനെക്കുറിച്ച് രാജ്യത്തിലെ ജനങ്ങള്‍ക്ക് ചിന്തിക്കാനുള്ള ഒരു ദിവസമാണ് ബലിദാന്‍ ദിവസ് എന്നും കൗശിക് വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണ യാത്രകളും നടത്തും. ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും ഇതിന്റെ തുടക്കം. ഇതുവഴി ഗോഡ്‌സെയും അദ്ദേഹത്തിന്റെ ത്യാഗങ്ങളെയും ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ കഴിയുമെന്നും കൗശിക് പറഞ്ഞു.

1949 നവംബര്‍ 15 ന് അംബാല ജയിലിലാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്. ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയുമെന്ന് ഹിന്ദു മഹാസഭ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോഡ്‌സെയുടെ മരണദിനം ‘ബലിദാന്‍ ദിവസായി’ ആഘോഷിക്കാന്‍ ഹിന്ദു മഹാസഭ തീരുമാനിച്ചിരിക്കുന്നത്.

ഗാന്ധി കൊലപാതകക്കേസിലെ പ്രതിയും നാഥുറാം ഗോഡ്‌സെയുടെ മൂത്ത സഹോദരനുമായ ഗോപാല്‍ ഗോഡ്‌സെ എഴുതിയ ഗാന്ധിവധ് ക്യൂം ( ഗാന്ധിയെ വധിച്ചതെന്തിന്) എന്ന പുസ്തകം പ്രവര്‍ത്തകര്‍ക്കെല്ലാം വിതരണം ചെയ്യാനും ഹിന്ദുസഭയ്ക്ക് പദ്ധതിയുണ്ട്. മാത്രമല്ല ആഘോഷ പരിപാടികളില്‍ ഗോപാല്‍ ഗോഡ്‌സെയെ മുഖ്യാതിഥിയായി ക്ഷണിക്കുകയും ചെയ്യും. ന്യൂഡല്‍ഹിയിലും ഹിന്ദു മഹാസഭയുടെ ആസ്ഥാനത്ത് പരിപാടികള്‍ നടക്കും.

Top