ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ മലയാളവും എത്തി

ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ ഇനി മലയാളവും. എന്നാല്‍ പ്രാദേശിക ഭാഷകള്‍ മറ്റു ഭാഷകളില്‍ നിന്നു ട്രാന്‍സിലേറ്റര്‍ ഉപയോഗിച്ച് തര്‍ജ്ജിമ ചെയ്യുന്നത് എത്രത്തോളം ഫലപ്രദമായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രത്യേകിച്ചും മലയാളം പോലൊരു ഭാഷയിലേക്ക് യാന്ത്രികമായി എത്തുന്ന ഗൂഗിള്‍ പരിഭാഷയുടെ കൃത്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. മലയാളത്തിലെ പദവിന്യാസങ്ങളുടെ സങ്കീര്‍ണതയാണ് ഈ സംശയത്തിന് കാരണം.

തര്‍ജ്ജമ ചെയ്യുന്നത് മനുഷ്യ മസ്തിഷ്‌കം അല്ലാത്തതിനാല്‍ തെറ്റുകള്‍ വന്ന് പെടാന്‍ സാധ്യത കൂടുതലാണ്. പദാനുപദ തര്‍ജ്ജമ ചിലപ്പോള്‍ വന്‍ മണ്ടത്തരങ്ങളിലേക്കും നയിക്കും.

പുതിയതായി ബര്‍മീസ് അടക്കമുള്ള 10 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗൂഗിള്‍ തര്‍ജ്ജമയിലുള്ള ഭാഷകള്‍ 90 ആയി. ഇതുവഴി 20 കോടി ആളുകള്‍ക്ക് കൂടി തര്‍ജ്ജമ സേവനം ഉപയോഗപ്പെടുത്താനാകുമെന്നാണ് ഗൂഗിളിന്റെ കണക്ക്. ഇക്കാര്യം ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

തമിഴും ഹിന്ദിയും അടക്കമുള്ള ഭാഷകള്‍ നേരത്തേ ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ ഇടം നേടിയിട്ടുണ്ട്. പുതിയതായി ഉള്‍പ്പെടുത്തിയ 10 ഭാഷകളില്‍ ഇന്ത്യയില്‍ നിന്ന് മലയാളം മാത്രമേ ഉളപ്പെട്ടിട്ടുള്ളു.

Top