വിവാദ ദൃശ്യം: പാര്‍ട്ടിയെ തിരുത്തി തോമസ് ഐസക്; വെട്ടിലായത്‌ സിപിഎം നേതൃത്വം

കോഴിക്കോട്: ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട ശ്രീ നാരായണ ഗുരുവിനെ കുരിശിലേറ്റിയ നിശ്ചല ദൃശ്യത്തില്‍ സി.പി.എം നിലപാട് തള്ളി തോമസ് ഐസക് രംഗത്ത്.

‘ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങളെ കുരിശിലേറ്റുകയാണ് ആര്‍.എസ്.എസുകാരും എസ്.എന്‍.ഡി.പി. നേതൃത്വത്തിലെ ഒരു വിഭാഗവും ചെയ്യുന്നത്. അത് തുറന്ന് കാട്ടുന്ന ടാബ്ലോയില്‍ താത്വികമായി ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

മാധ്യമം ആഴ്ചപ്പതിപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സി.പി.എം. സംസ്ഥാന നേതൃത്വവും പോളിറ്റ് ബ്യൂറോയും ഖേദം പ്രകടിപ്പിച്ച സംഭവത്തില്‍ കമ്യൂണിസ്റ്റ് നിലപാട് ഉയര്‍ത്തി പിടിച്ച് തോമസ് ഐസക് രംഗത്ത് വന്നത്.

പാര്‍ട്ടി സൈദ്ധാന്തികനായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് അടക്കമുള്ളവര്‍ നിശ്ചല ദൃശ്യ വിവാദത്തില്‍ പാര്‍ട്ടി ഖേദം പ്രകടിപ്പിച്ചതിനെ ന്യായീകരിച്ച് രംഗത്ത് വന്നതിനെ കൂടി സൈദ്ധാന്തിക തലത്തില്‍ ചോദ്യം ചെയ്യുകയാണ് തോമസ് ഐസക് ചെയ്തത്.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്ക് ചേര്‍ന്നതായിരുന്നില്ല ഖേദ പ്രകടനമെന്ന ആക്ഷേപം സി.പി.എം. അണികള്‍ക്കിടയിലും സാംസ്‌കാരിക നായകര്‍ക്കിടയിലും ശക്തമായ സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

എസ്.എന്‍.ഡി.പി യോഗത്തെ ബി.ജെ.പി പാളയത്തില്‍ കെട്ടാന്‍ ശ്രമിക്കുന്ന യോഗ നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കണ്ണൂരില്‍ നടന്ന ബാലസംഘം ഘോഷയാത്രയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വിവാദ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചിരുന്നത്.

ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന ശ്രീനാരായണ ഗുരു ആശയത്തെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് മുന്നില്‍ അടിയറ വച്ചത് പ്രത്യേകമായി സൂചിപ്പിക്കുന്ന തരത്തില്‍ ഗുരുവിനെ കുരിശില്‍ തറച്ച നിലയിലുള്ള ദൃശ്യമാണ് ബാലസംഘം ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് ബി.ജെ.പിയും എസ്.എന്‍.ഡി.പി യോഗവും സി.പി.എമ്മിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുകയും സി.പി.എം. ഓഫിസിന് നേരെ വരെ ആക്രമണമുണ്ടാവുകയും ചെയ്തിരുന്നു.

രാഷ്ട്രീയപരമായ ഈ വെല്ലുവിളിയെ ആശയപരമായി പ്രതിരോധിക്കുന്നതിന് പകരം ആദ്യം തന്നെ ഖേദ പ്രകടനം നടത്തി രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് സി.പി.എം അണികളെയും നേതാക്കളെയും നിരാശപ്പെടുത്തിയിരുന്നു.

കോടിയേരിയുടെ ഖേദ പ്രകടനത്തിനെതിരെ പാര്‍ട്ടിയില്‍ പുകഞ്ഞ പ്രതിഷേധത്തിനിടയ്ക്കാണ് കേന്ദ്ര നേതൃത്വം ഖേദ പ്രകടനം നടത്തി രംഗത്ത് വന്നത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ കൂടി ആവശ്യം പരിഗണിച്ചായിരുന്നുവെന്നാണ് ഒരു വിഭാഗം സി.പി.എം. അണികളും നേതാക്കളും വിശ്വസിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്റെ മകനും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയുമായി കോടിയേരിയുടെ മക്കള്‍ക്ക് അടുത്ത ബന്ധമുള്ളതും പാര്‍ട്ടിയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

കോടിയേരി ഖേദ പ്രകടനം നടത്തിയതുകൊണ്ടാണ് വി.എസിനും പിണറായിക്കും കേന്ദ്ര കമ്മിറ്റിക്കുപോലും മറ്റൊരു നിലപാട് സ്വീകരിക്കാന്‍ പറ്റാതിരുന്നതെന്നാണ് സി.പി.എം അണികള്‍ക്കിടയിലെ വികാരം.

നേരത്തെ പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി നിലപാടെടുത്തപ്പോള്‍ രാജിവെക്കാനൊരുങ്ങിയ മുഖ്യമന്ത്രിയോട് ആഭ്യന്തര വകുപ്പ് മാത്രം ഒഴിയണമെന്ന് ആവശ്യപ്പെട്ട് രക്ഷകനായതും പ്രതിപക്ഷ ഉപനേതാവായ കോടിയേരിയുടെ നടപടിയായിരുന്നു.

അന്ന് സി.പി.എം രാജി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് ഒരു പക്ഷേ യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ ഉണ്ടാവില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് സി.പി.എം. അണികളില്‍ ബഹുഭൂരിപക്ഷവും.

ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യ വിവാദത്തില്‍ തോമസ് ഐസക് നടത്തിയ ഇപ്പോഴത്തെ അഭിപ്രായ പ്രകടനം സി.പി.എം നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയാണ് തുറന്ന് കാട്ടുന്നത്.

അടുത്തയിടെ ജനശക്തി മാസികയില്‍ പാര്‍ട്ടി നേതൃത്വം തള്ളിപറഞ്ഞ എം.എന്‍.വിജയന്‍ അടക്കമുള്ളവരെ അംഗീകരിച്ച് ‘കുമ്പസാരം’ നടത്തിയ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ നടപടിയും ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു.

Top