ഗുരുദര്‍ശനം വിശ്വമാകെ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് വെള്ളാപ്പള്ളി

ശിവഗിരി: ഗുരുദര്‍ശനത്തിന്റെ അകവും പുറവും വിശ്വമാകെ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് എസ്.എന്‍.ഡി.പിയോഗവും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റും ചേര്‍ന്ന് നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ആദ്ധ്യാത്മിക അടിത്തറയിലൂടെ മാത്രമെ ഭൗതിക വളര്‍ച്ചയുണ്ടാക്കാന്‍ കഴിയൂ. ആത്മജ്ഞാനത്തിലൂടെ മാത്രമെ ആദ്ധ്യാത്മിക അടിത്തറ സൃഷ്ടിക്കാനാവൂ. ആത്മജ്ഞാന സമ്പാദനത്തിന് മാനവരാശിയെ സജ്ജമാക്കുന്ന യജ്ഞത്തിനാണ് തുടക്കമിട്ടിട്ടുള്ളത്. പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും മനുഷ്യ മനസിനെ നവീകരിച്ച് ആത്മജ്ഞാന സമ്പാദനത്തിനുള്ള നിലം ഒരുക്കി ഗുരുദേവ ദര്‍ശനം പ്രചരിപ്പിക്കുക എന്ന കര്‍മത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെയാണെങ്കിലും പലപ്പോഴും അതിനുള്ള മാര്‍ഗങ്ങള്‍ വ്യത്യസ്തമാവുന്നു. ആത്യന്തികമായി എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയായതിനാല്‍ വ്യത്യസ്ത ദിശകളിലൂടെ സഞ്ചരിക്കുന്ന നദികള്‍ക്കെല്ലാം ഒന്നായി സംഗമിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

ഓരോരുത്തരും മറ്റൊരാളുടെ മേല്‍ അധീശത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഒരു മതവിഭാഗം മറ്റൊന്നിനെയും ഒരു രാജ്യം മറ്റൊരു രാജ്യത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. വംശീയവൈരം നശീകരണത്തിലേക്ക് നീങ്ങുകയാണ്. അസ്വസ്ഥമാവുന്ന യുവത്വവും അപമാനിക്കപ്പെടുന്ന സ്ത്രീത്വവും പാര്‍ശ്വവത്കരിക്കപ്പെടുന്ന വാര്‍ദ്ധക്യവും വാര്‍ത്തകളല്ലാതാവുന്നു.

ഇതെല്ലാം നാലുവശത്തു കൂടിയും കടന്നുകയറാന്‍ ശ്രമിക്കുമ്പോഴും ലോകം ഇങ്ങനെയൊക്കെ നിലനില്‍ക്കുന്നത് ഗുരുദര്‍ശനത്തിന്റെ സ്വാധീനമാണ്. വിശ്വാസിക്കും അവിശ്വാസിക്കും ഗുരുദര്‍ശനത്തിന് മുന്നില്‍ സ്വീകാര്യതയുണ്ട്. കാലദേശാന്തരങ്ങളുടെ പരിമിതി ഗുരുദര്‍ശനത്തിന് തടസമാവുന്നില്ല. നാനാ ജാതി മതസ്ഥര്‍ക്കും ഗുരുവിന്റെ തത്വദര്‍ശനം അറിവ് നല്‍കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top