മോഡിയുടെ നാട്ടില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെങ്കില്‍ ടോയ്‌ലെറ്റ് നിര്‍ബന്ധം!

ഗാന്ധിനഗര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ടോയ്‌ലെറ്റ് ഉണ്ടായിരിക്കണം! ഗുജറാത്തിലെ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കണമെങ്കിലാണ് സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ ടോയ്‌ലെറ്റ് വേണമെന്ന നിയമം നിലവില്‍ വന്നത്.

ഗുജറാത്തിലെ നിയമസഭാ അസംബ്ലി ഇതുസംബന്ധിച്ച ഗുജറാത്ത് ലോക്കല്‍ അതോറിറ്റീസ് ലോസ് ബില്‍ പാസാക്കി. ജില്ലാ, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് മത്സരിക്കാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സ്വന്തം വീട്ടില്‍ ടോയ്‌ലെറ്റ് ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.

ഇതു സംബന്ധിച്ച ബില്‍ വോട്ടിനിട്ടപ്പോള്‍ എതിര്‍പ്പുകള്‍ വന്നെങ്കിലും അവസാനം ഐകകണ്‌ഠ്യേന ബില്‍ പാസാക്കുകയായിരുന്നു. ടോയ്‌ലെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്നും, നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ വീട്ടില്‍ ടോയ്‌ലെറ്റ് ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ആറുമാസത്തിനകം ഹാജരാക്കണമെന്നും മന്ത്രി നിധിന്‍ പട്ടേല്‍ പറഞ്ഞു.

വില്ലേജായി പ്രഖ്യാപിക്കാനുള്ള കുറഞ്ഞ ജനസംഖ്യ 15,000 ത്തില്‍ നിന്ന് 25,000 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

Top