ഗാര്‍ഹിക പീഡന കേസ്: സോംനാഥ് ഭാരതി പോലീസില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ആം ആദ്മി നേതാവും ഡല്‍ഹി മുന്‍ നിയമ മന്ത്രിയുമായ സോംനാഥ് ഭാരതി പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച രാത്രി ദ്വാരക പോലീസ് സ്റ്റേഷനിലെത്തിയാണ് ഭാരതി കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തളളിയതോടെയാണ് ഭാരതി പോലീസില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം ആറിനു മുന്‍പ് കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

താന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നു കീഴടങ്ങുന്നതിനു മുന്‍പ് ഭാരതി മാധ്യമങ്ങളോടു പറഞ്ഞു. സുപ്രീം കോടതി പറഞ്ഞതിനനുസരിച്ചാണു കീഴടങ്ങുന്നത്. രാജ്യത്തെ എല്ലാ പൗരനും നിയമപരമായ പരിഹാരം തേടുന്നതിന് ഭരണഘടന അവസരം നല്‍കുന്നുണ്ട്. നിയമപരമായ വഴിയിലൂടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാനസികവും ശാരീരികവുമായി പീഡിപ്പിച്ച സോംനാഥ് ഭാരതി തന്നെ കൊലപ്പെടുത്താനും ശ്രമിച്ചെന്നാണ് ഭാര്യ ലിപിക മിത്രയുടെ പരാതി. ഭാരതിക്കെതിരെ ഭാര്യ ഉന്നയിച്ച പരാതികള്‍ ഗൗരവമുള്ളതാണെന്നും അതിന് രേഖകളുടെ പിന്‍ബലമുണ്ടെന്നും നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ഭര്‍ത്താവിനെതിരെ ജൂണ്‍ പത്തിന് ലിപിക ഡല്‍ഹി വനിതാ കമ്മിഷനിലും പരാതി നല്‍കിയിരുന്നു. 2010ലാണ് ഇരുവരും വിവാഹിതരായത്.

Top