ജ്വല്ലറി ഉടമക്കായി ഗവര്‍ണറുടെ ചടങ്ങില്‍ മന്ത്രിയെയും എംഎല്‍എയെയും ‘വെട്ടിമാറ്റി’

മലപ്പുറം: ഗവര്‍ണറുടെ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും ആരോഗ്യ മന്ത്രിയെയും കെ. മുരളീധരന്‍ എം.എല്‍.എയെയും വെട്ടിമാറ്റി ജ്വല്ലറി ഉടമയെയും വ്യാപാരികള്‍ അടക്കമുള്ള വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റിയ കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫോട്ടോ ഷോപ്പ് വികസനം വിവാദമാകുന്നു.

മികച്ച ആരോഗ്യ പ്രവര്‍ത്തനം നടത്തിയ സംസ്ഥാനത്തെ രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌ക്കാരം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയക്കുട്ടി ടീച്ചര്‍ ഗവര്‍ണറില്‍ നിന്നും ഏറ്റുവാങ്ങുന്ന ഫോട്ടോയിലാണ് കൃത്രിമം നടത്തിയത്.

കൃത്രിമം നടത്തിയ ഫോട്ടോ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുവഴിയാണ് പത്രങ്ങള്‍ക്ക് നല്‍കിയത് എന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.

കാളികാവിന്റെ അവാര്‍ഡ് വാര്‍ത്തക്കൊപ്പം നല്‍കിയ പടത്തില്‍ നിന്നാണ് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിന്റെയും കെ. മുരളീധരന്‍ എം.എല്‍.എ അടക്കമുള്ളവരെയും വെട്ടിമാറ്റിയത്.

തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ 18ന് നടന്ന ആരോഗ്യകേരളം അവാര്‍ഡ് ദാന ചടങ്ങില്‍ ആരോഗ്യ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ആരോഗ്യ ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറി ജെയിംസ് വര്‍ഗീസ് എന്നിവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഇവരുടെ ആരുടെയും ഫോട്ടോ പത്രത്തില്‍ വന്നിട്ടില്ല.

കാളികാവിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തില്‍ രണ്ടു വാഹനങ്ങളിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും വ്യാപാരികളും അടങ്ങുന്ന സംഘം അവാര്‍ഡ് വാങ്ങാന്‍ തിരുവനന്തപുരത്തേക്കു പോയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ് ഗവര്‍ണറില്‍ നിന്നും അവാര്‍ഡ് വാങ്ങിയത്. ജ്വല്ലറി ഉടമക്കും മറ്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വ്യപാരികള്‍ക്കുമൊന്നും സ്റ്റേജില്‍ കയറാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഫോട്ടോ ഷോപ്പില്‍ മന്ത്രിയെയും എം.എല്‍.എയെയും വെട്ടിമാറ്റി ജ്വല്ലറി ഉടമ അടക്കമുള്ളവരെ തിരുകിക്കയറ്റി ഫോട്ടോഷോപ്പില്‍ കൃത്രിമ ഫോട്ടോ സൃഷ്ടിച്ച് പി.ആര്‍.ഡി വഴി പത്രങ്ങള്‍ക്ക് നല്‍കിയത്.

ഒറ്റനോട്ടത്തില്‍ തന്നെ കൃത്രിമമെന്നു വ്യക്തമാകുന്ന പടം പി.ആര്‍.ഡി വഴി ലഭിച്ചതോടെ കൂടുതല്‍ പരിശോധിക്കാതെ പ്രസിദ്ധീകരിച്ച പത്രങ്ങളും വെട്ടിലായിരിക്കുകയാണ്.

അവാര്‍ഡ് വാങ്ങുന്ന യഥാര്‍ത്ഥ പടവും പത്രങ്ങളില്‍ വന്ന ഫോട്ടോ ഷോപ്പ് പടവുമായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വൈറലാവുകയാണ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുകൂടിയായ പി. സദാശിവത്തെപ്പോലും അപമാനിക്കുന്ന നടപടിയാണ് കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

Top