ഗവര്‍ണറുടെ നിര്‍ദേശത്തില്‍ ആശങ്ക; വനിത എംഎല്‍എമാരെ അപമാനിച്ചതിനും നടപടി?

തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ബജറ്റ് പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഗവര്‍ണറുടെ നിര്‍ദേശം തിരിച്ചടിയാകും. സഭയില്‍ പ്രതിഷേധമുണ്ടാക്കിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്കൊപ്പം വനിതാ എംഎല്‍എമാരെ അപമാനിച്ച ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെയും പുതിയ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് നടപടി സ്വീകരിക്കേണ്ടി വരും.

സഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്നും ഇതുസംബന്ധമായി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് ഗവര്‍ണര്‍ സദാശിവം വ്യക്തമാക്കിയിട്ടുള്ളത്.

നടപടി പ്രതിപക്ഷ എംഎല്‍എ മാര്‍ക്കെതിരെ മാത്രമായാല്‍ പിന്നീട് ഗവര്‍ണറുടെ ഇടപെടലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ എല്ലാവശവും പരിശോധിച്ച് മാത്രമെ ഇനി സ്പീക്കര്‍ ശക്തന് നടപടി സ്വീകരിക്കാന്‍ പറ്റുകയൊള്ളു.

പ്രതിപക്ഷത്തെ വനിത എംഎല്‍എമാര്‍ രേഖാമൂലം പരാതിപ്പെട്ടതിനാല്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ല.

പ്രധാനമായും ഭരണപക്ഷ എംല്‍എമാരായ കഴക്കൂട്ടം എംഎല്‍എ വാഹിദ്, പത്തനംതിട്ട എംഎല്‍എ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് വനിത എംഎല്‍എമാരായ ജമീല പ്രകാശം, കെ സുലേഖ എന്നിവരുടെ പരാതി. മന്ത്രി ഷിബു ബേബി ജോണിനെതിരെ ബിജിമോള്‍ എംഎല്‍എയും പരാതി നല്‍കിയിട്ടുണ്ട്.

നിയമസഭയിലെ ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ഓഫീസ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം ചെറുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഭരണപക്ഷ അംഗങ്ങളുടെ വാദം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഭരണ സ്തംഭനം നടക്കാതിരിക്കാന്‍ ബജറ്റ് അവതരിപ്പിച്ചത് തന്റെ നിര്‍ദേശപ്രകാരമാണെന്ന സ്പീക്കറുടെ നിലപാട് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

അതേസമയം ബജറ്റ് പാസാക്കുന്ന കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ഭരണപക്ഷത്ത് ആശയവിനിമയം തുടരുകയാണ്.

Top