ഖേല്‍രത്‌ന പുരസ്‌കാരം: സാനിയ മിര്‍സയെ കായിക മന്ത്രാലയം നാമനിര്‍ദേശം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌നാ പുരസ്‌കാരം ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് നല്‍കിയേക്കും. പുരസ്‌കാരത്തിനായി സാനിയ മിര്‍സയുടെ പേര് കേന്ദ്ര കായിക മന്ത്രാലയം നാമനിര്‍ദേശം ചെയ്തു. രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് കായികതാരങ്ങളെ നാമനിര്‍ദേശം ചെയ്യേണ്ട സമയം ഏപ്രിലില്‍ അവസാനിച്ചെങ്കിലും പ്രത്യേക അധികാരം ഉപയോഗിച്ചാണ് സാനിയ മിര്‍സയെ കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രാലയം നാമനിര്‍ദേശം ചെയ്തത്.

വിബിംള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടിയത് കൂടാതെ കഴിഞ്ഞ വര്‍ഷം ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണവും വനിതാ ഡബിള്‍സില്‍ വെങ്കലവും സാനിയ നേടിയിരുന്നു. ഇവയ്ക്കു പുറമെ യുഎസ് ഓപ്പണില്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടവും നേടിയിരുന്നു. ലിയാന്‍ഡര്‍ പെയ്‌സാണ് ഇതിനു മുന്‍പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ ടെന്നിസ് താരം.

ടെന്നിസ് ഫെഡറേഷന്‍ സാനിയയുടെ പേര് നിര്‍ദേശിക്കാതിരുന്നതുകൊണ്ടാണ് മന്ത്രാലയം ഇടപെട്ടതെന്നാണ് കായിക മന്ത്രാലയത്തിന്റെ വിശദീകരണം. 2004 ല്‍ അര്‍ജുന അവാര്‍ഡും 2006 ല്‍ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.

Top