ഖത്തര്‍ വാടക കരാറുകളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കി

ദോഹ: വാടക കരാറുകളുടെ രജിസ്‌ട്രേഷനും സാക്ഷ്യപ്പെടുത്തലും ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയാക്കി ഖത്തര്‍. വീട് വാടകയ്‌ക്കെടുക്കുന്ന പ്രവാസികള്‍ക്കും കെട്ടിട ഉടമകളായ സ്വദേശികള്‍ക്കും ഏറെ സഹായകരമാകുന്ന രീതിയിലാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാന്‍ വാടകകരാറിന്റെ പകര്‍പ്പ്, ഉടമസ്ഥാവകാശരേഖ, വൈദ്യുതി, കുടിവെള്ള കണക്ഷന്‍ നമ്പറുകള്‍, എന്നീ രേഖകളാണ് വേണ്ടത്. വാര്‍ഷിക വാടകയുടെ 5 ശതമാനം രജിസ്‌ട്രേഷന്‍ ഫീസായി അടയ്ക്കണം. എന്നാല്‍ ഇത് 250 റിയാലില്‍ കുറയാനോ 2500 റിയാലില്‍ കൂടാനോ പാടില്ല.

വാടകയ്‌ക്കെടുത്തയാള്‍ മറ്റൊരാള്‍ക്ക് വീണ്ടും വാടകയ്ക്ക് നല്‍കുകയാണെങ്കില്‍ ആദ്യ കരാറിന്റെ പകര്‍പ്പും ഹാജരാക്കണം. എവിടെയിരുന്നും ഏത് സമയത്തും വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ വ്യക്തമാക്കി.

ഇതുവരെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ അതത് നഗരസഭകളില്‍ നേരിട്ടെത്തിയാണ് പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. നിത്യജീവിതവുമായി ബന്ധപ്പെട്ട പരമാവധി സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുകയന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നഗരസഭാ മന്ത്രാലയത്തിന്റെ പുതിയ നടപടി. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ mme.gov.qa എന്ന വെബ്‌സൈറ്റ് വഴിയാണ് വാടക രജിസ്‌ട്രേഷനും സാക്ഷ്യപ്പെടുത്തലും പൂര്‍ത്തിയാക്കേണ്ടത്

Top