ക്വാല്‍കോം ഇന്ത്യയിലേക്ക് എത്തുന്നു; 15 കോടി ഡോളറിന്റെ നിക്ഷേപമിറക്കും

സാന്‍ജോസ്: അമേരിക്കയിലെ പ്രമുഖ ചിപ് നിര്‍മാണക്കമ്പനിയായ ക്വാല്‍കോം ഇന്ത്യയില്‍ 15 കോടി ഡോളറിന്റെ(ഏതാണ്ട് 992 കോടിരൂപ) നിക്ഷേപമിറക്കും. സിലിക്കണ്‍വാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സാങ്കേതികരംഗത്തെ പ്രമുഖര്‍ക്ക് നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ശേഷം കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ്‌സാണ് പ്രഖ്യാപനം നടത്തിയത്.

ക്വാല്‍കോം വെഞ്ചേഴ്‌സ് എന്ന ഉപസ്ഥാപനംവഴിയാണ് നിക്ഷേപം. മൊബൈല്‍, ഇന്റര്‍നെറ്റ്, മാര്‍ക്കറ്റിങ്, വ്യാപാരസഹായം തുടങ്ങിയ മേഖലകളിലെ നൂതന സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കാണ് മുതല്‍മുടക്കുന്നത്.

ഇന്ത്യയില്‍ നിര്‍മിക്കാനുള്ള, പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയോട് ‘ആപ്പിളും’ ഉടന്‍ പ്രതികരിക്കുമെന്നാണ് സൂചന. മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശരിയായ വഴിക്കാണ് നീങ്ങുന്നതെന്ന് ക്വാല്‍കോം മേധാവി അഭിപ്രായപ്പെട്ടു.

സിലിക്കണ്‍വാലിയിലെ ചെറുപ്പക്കാരായ പ്രൊഫഷണലുകളെമുതല്‍ വന്‍കിട കമ്പനികളെ വരെ ഇന്ത്യയുടെ ഡിജിറ്റല്‍വിപ്ലവത്തില്‍ പങ്കാളിയാകാന്‍ പ്രധാനമന്ത്രി വിരുന്നില്‍ ക്ഷണിച്ചു. ഡിജിറ്റല്‍രംഗത്തുള്ളവരും ഇല്ലാത്തവരും എന്ന വിടവ് നീക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

Top