ക്ലീന്‍ ഇന്ത്യ പദ്ധതിയ്ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്ത്യ പദ്ധതിയ്ക്ക് ഫെയ്‌സ്ബുക്കിന്റെ പിന്തുണയും പങ്കാളിത്തവും അറിയിച്ച സക്കര്‍ബര്‍ഗ് ക്ലീന്‍ ഇന്ത്യ പദ്ധതിയ്ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കുമെന്നും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തി.

ശുചിത്വഭാരതം പദ്ധതിയുടെ കാര്യങ്ങള്‍ പ്രധാനമന്ത്രി സുക്കര്‍ബര്‍ഗുമായി ചര്‍ച്ച ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയിലും സുക്കര്‍ബര്‍ഗ് താത്പര്യം പ്രകടിപ്പിച്ചു.

ഡിജിറ്റല്‍ ഇന്ത്യയിലെ ചില പ്രവര്‍ത്തന മേഖലകളില്‍ ഫെയ്‌സ്ബുക്കിന് സഹായിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചില ഭീകരസംഘടനകള്‍ സാമൂഹിക കൂട്ടായ്മ സൈറ്റുകളെ റിക്രൂട്ട്‌മെന്റിനുള്ള വേദിയാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് ഇത്തരം കൂട്ടായ്മകളെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ ഉപയോഗിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്ക് മുന്‍കൈയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പുതുവഴികളാണ് സര്‍ക്കാര്‍ തേടുന്നതെന്ന് മോദിയുടെ പ്രതികരണങ്ങളിലൂടെ വ്യക്തമായിരുന്നു.

Top