ക്ലബ്ബ് ഫുട്‌ബോളില്‍ വിലയേറിയ ടീം സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് തന്നെ

മാഡ്രിഡ്: കളിക്കാരുടെ കൈമാറ്റവിപണിയുടെ ആദ്യഘട്ടം അവസാനിച്ചപ്പോള്‍ ക്ലബ്ബ് ഫുട്‌ബോളില്‍ വിലയേറിയ ടീമിന് മാറ്റമില്ല. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് തന്നെയാണ് ആ ബഹുമതി. 4,355 കോടി രൂപയുടേതാണ് മാഡ്രിഡിന്റെ സൂപ്പര്‍ ടീം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍, ഹമീഷ് റോഡ്രിഗസ്, കരിം ബെന്‍സേമ, ടോണിക്രൂസ്, ഇസ്‌കോ, സെര്‍ജിയോ റാമോസ് തുടങ്ങിയ സൂപ്പര്‍താരങ്ങളാണ് ടീമിലുള്ളത്. സീസണില്‍ വന്‍താരങ്ങളെയൊന്നും റയല്‍ സ്വന്തമാക്കിയില്ലെങ്കിലും നിലവിലുള്ള കളിക്കാരുടെ വിലയാണ് ടീമിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്.

കൈമാറ്റവിപണിയില്‍ 1,500 കോടിയോളം രൂപ ചെലവിട്ട ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തേക്ക് കയറി. 4,157 കോടിയുടേതാണ് സിറ്റിയുടെ ടീം. കെവിന്‍ ഡിബ്രുയിന്‍, റഹീം സ്റ്റര്‍ലിങ് എന്നീ കളിക്കാരെ ഇത്തവണ വന്‍തുക മുടക്കി ടീമിലെത്തിച്ച സിറ്റിയില്‍ സെര്‍ജിയോ അഗ്യൂറോ, ഡേവിഡ് സില്‍വ, വിന്‍സെന്റ് കൊമ്പാനി എന്നിവരുണ്ട്.

പുതിയ സീസണിലേക്ക് കളിക്കാരെ വാങ്ങാന്‍ 1,000 കോടിയിലേറെ ചെലവിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ മൊത്തം വില 3,954 കോടിരൂപയാണ്.

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. 3,897 കോടിയുടെയും ചെല്‍സി 3,021 കോടിയുടെയും ബാഴ്‌സലോണ 2,925 കോടിയുടെയും ടീമാണ്. പി.എസ്.ജി. എയ്ഞ്ചല്‍ ഡി മരിയയെ സ്വന്തമാക്കിയപ്പോള്‍ ബാഴ്‌സ വന്‍തുകയ്ക്ക് കളിക്കാരെ എടുത്തിട്ടില്ല. മെസ്സി, നെയ്മര്‍, സുവാരസ് എന്നിവരുടെ വിലയാണ് ടീമിനെ ആറാം സ്ഥാനത്തെത്തിച്ചത്.

ചെല്‍സി ഫാല്‍ക്കാവോ, പെഡ്രോ എന്നിവരെയാണ് പ്രധാനമായും ടീമിലെടുത്തത്. ലിവര്‍പൂളിന്റെത് 2,555 കോടിയുടെയും ബയറണ്‍ മ്യൂണിക് 2,500 കോടിയുടെയും ആഴ്‌സനല്‍ 2,262 കോടിയുടെയും ടീമാണ്. യുവന്റസ് ടീമിന്റെ വില 2,233 കോടിരൂപയാണ്

Top