ക്രൈംബ്രാഞ്ച് പരിശോധനയില്‍ ആരോപണ വിധേയരുമായി അടുപ്പമുള്ള ഉദ്യോഗസ്ഥന്‍..?

തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇപ്പോള്‍ നടത്തുന്ന പരിശോധനയും അട്ടിമറിക്കപ്പെടുമോയെന്ന് ആശങ്ക.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം വേണമോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന പരിശോധനയില്‍ ആരോപണവിധേയരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രൈംബ്രാഞ്ചിലെ ഉന്നതന്‍ ‘ഇടപെടുമോ’യെന്നതാണ് ഉയര്‍ന്നുവരുന്ന ആശങ്ക.

നിയമവിരുദ്ധ പ്രവര്‍ത്തി നടത്തിയതിന് നേരത്തെ നടപടിക്ക് വിധേയനായ ഈ ഉദ്യോഗസ്ഥനെ അടുത്തയിടെയാണ് ക്രൈംബ്രാഞ്ചിലെ ഉന്നത പദവിയില്‍ സര്‍ക്കാര്‍ പ്രതിഷ്ഠിച്ചത്.

സ്വാമിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പരിശോധന സംസ്ഥാന പോലീസില്‍ മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള എഡിജിപി അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് എന്നതുകൊണ്ട് മാത്രമാണ് പരാതി ഉന്നയിച്ചവരില്‍ പലരും ക്രൈംബ്രാഞ്ചിലെ ഈ ഉന്നതന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്യാതിരിക്കുന്നത്. ക്രൈംബ്രാഞ്ച് നിഗമനം പുറത്തുവന്നതിന് ശേഷം ആവശ്യമെങ്കില്‍ ഇതേ കുറിച്ച് പ്രതികരിക്കാമെന്ന നിലപാടിലാണവര്‍.

മരണം സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിയും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച് ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുതുതായി വല്ലതും കണ്ടെത്താനാവുമോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

ബിജുരമേശ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപവും ശ്രീനാരായണ ആത്മീയകേന്ദ്രം ജനറല്‍ സെക്രട്ടറി വാറമ്പലം സുരേന്ദ്രന്റെ ഗുരുതര ആരോപണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

സ്വാമിയുടെ മരണത്തിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നത്.

ഇതോടൊപ്പം സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത, ശിവഗിരി മഠാധിപതി പ്രകാശാനന്ദ എന്നിവര്‍ ഉന്നയിച്ച സംശയങ്ങളും ഇതു സംബന്ധമായ അന്വേഷണ ഉദ്യോഗസ്ഥന്റെ നിരീക്ഷണങ്ങളും കൂടി വിലയിരുത്തിയ ശേഷമേ ആഭ്യന്തര വകുപ്പിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ.

പുനരന്വേഷണ സാധ്യതയെ കുറിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന പരിശോധനയുടെ വിവരങ്ങള്‍ ചോരാതിരിക്കാനും ‘ഇടപെടല്‍’ നടക്കാതിരിക്കാനും ക്രൈംബ്രാഞ്ച് മേധാവി കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

Top