ക്രെറ്റയെ ഈമാസം ആറിന് അവതരിപ്പിക്കും; ഔദ്യോഗിക സ്‌കെച്ച് പുറത്തുവിട്ട് ഹ്യുണ്ടായി

ന്ത്യന്‍ നിരത്തുകളില്‍ ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാംതലമുറ മോഡലിന്റെ ഔദ്യോഗിക സ്‌കെച്ച് പുറത്തുവിട്ടു. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയിട്ടുള്ള ഐഎക്സ്25 ആയിരിക്കും ഇന്ത്യയില്‍ രണ്ടാം തലമുറ ക്രെറ്റയാകുന്നത്. ഹ്യുണ്ടായി പുറത്തുവിട്ട സ്‌കെച്ച് അനുസരിച്ച് രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്‌പോര്‍ട്ടിയാണ്.

സ്റ്റൈലിഷായുള്ള മുന്‍ഭാഗമാണ് സ്‌കെച്ചിലുള്ളത്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 17 ഇഞ്ച് അലോയി വീലും ഇതിലുണ്ട്.

എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പും പിന്‍വശത്തെ ഏറെ ആകര്‍ഷകമാക്കുന്നു. കിയ സെല്‍റ്റോസിന് കരുത്തേകുന്ന എന്‍ജിനാണ് രണ്ടാം തലമുറ ക്രെറ്റയിലും ഉള്‍പ്പെടുത്തുക. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമാണ് ക്രെറ്റ പുറത്തിറങ്ങുക.

ഡല്‍ഹി ഓട്ടോ എക്സ്പോയുടെ ഭാഗമായി ഈ വാഹനം ഫെബ്രുവരി ആറിന് അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വാഹനം മാര്‍ച്ച് മാസം മുതല്‍ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നും ഇവര്‍ വ്യക്തമാക്കി.

Top