ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നതിനെതിരെ വീണ്ടും റിസര്‍വ് ബാങ്ക്

Bitcoin

നെറ്റ്ഫ്‌ളിക്‌സിലെ എക്കാലത്തെയും പ്രശസ്തമായ സീരീസുകളിലൊന്നായ സ്‌ക്വിഡ് ഗെയിമിന്റെ പേരുപയോഗിച്ച് ഇറക്കിയ സ്‌ക്വിഡ് കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചവര്‍ക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടപ്പെട്ടു. ഈ വാര്‍ത്ത പുറത്തുവന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നതിനെതിരെ മറ്റൊരു മുന്നറിയിപ്പു കൂടി നടത്തി.

ഇത്തരം ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിച്ചാല്‍ പൊതുവെയുളള അപകടങ്ങളെക്കുറിച്ചും അവ വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ചുമാണ് അദ്ദേഹം മുന്നറയിപ്പു നല്‍കിയത്. ഇത്തരം പണം മാക്രോ ഇക്കോണമികള്‍ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിറ്റ്‌കോയിന്റെ വില പുതിയ ഉയരങ്ങളിലേക്ക് എത്തി. ഒരു കോയിന്റെ വില 68,513 ഡോളറിലെത്തി. ബ്ലൂംബര്‍ഗിന്റെ കണക്കുകൾ‌ പ്രകാരം മൊത്തം ക്രിപ്‌റ്റോകറന്‍സികളുടെയും മൂല്യം 3 ട്രില്ല്യന്‍ കടന്നിരിക്കുകയാണ്. എന്നാല്‍, തകര്‍ന്നടിഞ്ഞ സ്‌ക്വിഡ് കോയിന് നെറ്റ്ഫ്‌ളിക്‌സുമായോ, സ്‌ക്വിഡ് ഗെയിമുമായോ എന്തെങ്കിലും ബന്ധമുണ്ടായിരുന്നില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും വിവരമൊന്നുമില്ല.

എന്നാല്‍, സ്‌ക്വിഡ് ഗെയിമിന്റെ പേരുപയോഗിച്ചു നിര്‍മിച്ചതിനാലാകണം അതിന്റെ ജനസമ്മതി കുത്തനെ ഉയർന്നത്. ദശലക്ഷക്കണക്കിനു ഡോളറാണ് സ്‌ക്വിഡ് കോയിന്‍ ഇടപാടുകളിലേക്ക് ഒഴുകിയെത്തിയത്. പെട്ടെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിർത്തിയത്. ഏകദേശം 30 ദശലക്ഷം ഡോളറെങ്കിലും സ്‌ക്വിഡ് കോയിന്‍തട്ടിപ്പു വഴി തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് അനുമാനം. ഇത്തരം പ്രവര്‍ത്തിയെ വിശേഷിപ്പിക്കുന്നത് ‘പരവതാനി വലിച്ചെടുക്കല്‍’ എന്നാണ്. ഒരാള്‍ നില്‍ക്കുന്ന പരവതാനി അയാളറിയാതെ വലിച്ചെടുത്താല്‍ സംഭവിക്കുന്ന കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ആരാണ് സ്‌ക്വിഡ് കോയിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് വേണ്ടത്ര അന്വേഷണം നടത്താതിരുന്ന നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്.

Top