ക്രിക്കറ്റ് പരമ്പര റദ്ദാക്കിയാല്‍ ഇന്ത്യയെ ബഹിഷ്‌കരിക്കും;പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: പാക്കിസ്ഥാനെതിരെ ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരമ്പരയില്‍നിന്ന് ബിസിസിഐ പിന്‍മാറിയാല്‍ ഇന്ത്യന്‍ ടീമിനെ ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ഉള്‍പ്പെടെയുള്ള മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് പിസിബി ചെയര്‍മാന്‍ ഷഹര്യാര്‍ ഖാന്റെ ഭീഷണി.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരമ്പരകളില്‍ നിന്ന് ഇന്ത്യന്‍ ടീം പിന്‍മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അങ്ങനെ സംഭവിച്ചാന്‍ ഇന്ത്യ പങ്കെടുക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ടീമിനെ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പിസിബി രംഗത്തെത്തിയത്.

ഡിസംബറില്‍ നടത്തേണ്ട പരമ്പയ്ക്കായി ഇതുവരെ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടാന്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തയാറാകാത്തത് നിരാശാജനകമാണെന്നും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു. പരമ്പരയില്‍നിന്ന് ഇന്ത്യ പിന്നോക്കം പോയാല്‍ ഇന്ത്യ പങ്കെടുക്കുന്ന എല്ലാ പരമ്പകളില്‍നിന്നും പിന്‍മാറുകയെന്നത് മാത്രമാണ് പാക്കിസ്ഥാന് മുന്നിലുള്ള ഏക പോംവഴിയെന്നും ഷഹര്യാര്‍ ഖാന്‍ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഒരു രാഷ്ട്രീയക്കാരനായതുകൊണ്ടാണ് ഇന്ത്യപാക്ക് ബന്ധത്തെക്കുറിച്ച് എപ്പോഴും മോശം കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നതെന്നും ഷഹര്യാര്‍ ഖാന്‍ ആരോപിച്ചു.

ഡിസംബറില്‍ നടത്തേണ്ട പരമ്പരയെക്കുറിച്ച് ഇതുവരെ ഇന്ത്യന്‍ ബോര്‍ഡില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 28ന് ബിസിസിഐയ്ക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി കത്ത് കിട്ടിയിട്ടില്ല. പരമ്പയ്ക്ക് താല്‍പര്യമുണ്ടോ ഇല്ലയോ എന്നും അറിയിച്ചിട്ടില്ല. ഇനി പരമ്പരയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കാതിരിക്കുകയും പരമ്പരയില്‍നിന്ന് പിന്‍മാറുകയും ചെയ്താല്‍ കരാറില്‍ നിന്ന് പിന്‍മാറിയതിന് ബിസിസിഐയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് അവകാശമുണ്ടെന്നും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു.

Top