മോഡിയുടെ ശുചിത്വ ഭാരത പദ്ധതിയില്‍ അണി ചേരാന്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി: ശുചിത്വ ഭാരതം പദ്ധതിയില്‍ ക്രിക്കറ്റ് താരങ്ങളെയും പ്രമുഖരായ മറ്റ് വ്യക്തികളെയും ഉള്‍പ്പെടുത്തി ഇപ്പോഴത്തെ വിവാദങ്ങളെ അതിജീവിക്കാന്‍ മോഡിയുടെ കരുനീക്കം. ഏറ്റവും ഒടുവിലായി ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയെയും മുഹമ്മദ് കൈഫിനെയും പ്രധാനമന്ത്രി മോഡി നാമനിര്‍ദ്ദേശം ചെയ്തു. ഉത്തര്‍പ്രദേശിലെ തന്റെ സ്വന്തം മണ്ഡലമായ വാരണാസിയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മോഡി ക്രിക്കറ്റ് താരങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത്.

ഗാസിയാബാദ് സ്വദേശിയായ സുരേഷ് റെയ്‌ന ഉത്തര്‍പ്രദേശിന് വേണ്ടി അണ്ടര്‍ 16 ന് വേണ്ടിയും രഞ്ജി ട്രോഫിയിലും കളിച്ചിട്ടുണ്ട്. അലഹാബാദ് സ്വദേശിയായ മുഹമ്മദ് കൈഫ് രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുമ്പ് ഉത്തര്‍പ്രദേശ് ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കൈഫ് മത്സരിക്കുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് താരങ്ങളെ കൂടാതെ ഉത്തര്‍പ്രദേശിലെ ഒമ്പത് പ്രമുഖരുടെയും പേരുകള്‍ ശുചിത്വഭാരത പദ്ധതിയിലേക്ക് നരേന്ദ്ര മോഡി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ജഗദ്ഗുരു രാംഭദ്രാചാര്യ, ബി.ജെ.പി എം.എല്‍.എ മനോജ് തിവാരി, മനു ശര്‍മ്മ, പ്രൊഫ. ദേവി പ്രസാദ് ദ്വിവേദി, ടിവി താരം രാജു ശ്രീവാസ്തവ, പാട്ടുകാരന്‍ കൈലാഷ് ഖേര്‍ തുടങ്ങിയവരെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് മോഡി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

ശുചിത്വ ഭാരതം പരിപാടിക്ക് പിന്തുണയായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബി.ജെ.പി നേതാക്കള്‍ ശുചീകരണം നടത്തിയത് വൃത്തിയുള്ള റോഡില്‍ മാലിന്യം വാഹനത്തിലെത്തിച്ച് തള്ളിയശേഷമാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഈ വിവാദം മായ്ച്ച് കളയുന്നതിന്റെ ഭാഗമായാണ് ശുചിത്വ ഭാരതം പദ്ധതിയില്‍ മോഡി പ്രമുഖരെ കൂട്ടുപിടിക്കുന്നതെന്നാണ് ആരോപണം.

Top