സച്ചിന്‍ ഇനി വെള്ളിത്തിരയിലും; ചിത്രം 2000 തിയറ്ററുകളില്‍ റിലീസ് ചെയ്യും

മുംബൈ: ക്രീസില്‍ ബാറ്റു കൊണ്ട് മായാജാലം തീര്‍ത്ത സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇനി അഭിനയത്തിലും കയ്യൊപ്പ് പതിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 2000 തിയേറ്ററുകളില്‍ സച്ചിന്‍ അഭിനയിച്ച ഫീച്ചര്‍ ഫിലിം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സച്ചിന്റെ വ്യക്തി ജീവിതവും ക്രിക്കറ്റ് ജീവിതവും പറയുന്നതായിരിക്കും സിനിമ. റിലീസിംഗ് തിയതി തീരുമാനമായിട്ടില്ല.

മുംബൈ ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലോകം മുഴുവനും സച്ചിനുള്ള ആരാധക പിന്തുണയാണ് സിനിമ 2000 തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഒരു വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സച്ചിനെ കൂടാതെ പല പ്രമുഖ വ്യക്തികളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. സച്ചിന്റെ പഴയ കളികളുടെ വീഡിയോകള്‍ സിനിമയിലേക്ക് ഉപയോഗിക്കാന്‍ നിര്‍മാണ കമ്പനി ക്രിക്കറ്റ് ബോര്‍ഡിന്റെ അനുവാദം നേടിയിട്ടുണ്ട്.

നേരത്തേ ബൂസ്റ്റിന്റെ പരസ്യത്തില്‍ ‘ബൂസ്റ്റ് ഇസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി’ എന്ന് പറഞ്ഞ് ആരാധകരെ കയ്യിലെടുത്ത സച്ചിന്‍ സിനിമയിലും പഞ്ച് ഡയലോഗുകളുമായി ആരാധകരെ ആവേശത്തിലാക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐ.എസ്.എല്ലില്‍ കേരള ടീമിന്റെ ഉടമയായും ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അമ്പാസിഡറായും ലോകകപ്പ് ക്രിക്കറ്റിന്റെ അമ്പാസിഡറായും സച്ചിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചെങ്കിലും താന്‍ എന്നും പൊതുസമൂഹത്തിന്റെ ഭാഗമായി തന്നെ തുടരുമെന്ന സൂചനയാണ് പുതിയ സിനിമ പുറത്തിറങ്ങുന്നതിലൂടെ വ്യക്തമാകുന്നത്.

സച്ചിന് മുമ്പ് മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, കോഴ വിവാദത്തില്‍പ്പെട്ട് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന പോലെ സിനിമയിലും ജഡേജയ്ക്ക് തുടരാന്‍ കഴിഞ്ഞിരുന്നില്ല.

Top