ക്രിക്കറ്റിന് അവധി നല്‍കി എംഎസ് ധോണി സൈനിക പരിശീലനത്തില്‍

റാഞ്ചി: ക്രിക്കറ്റിന് അവധികൊടുത്ത് എം.എസ്. ധോണി സൈനിക പരിശീലനത്തില്‍. ആഗ്രയിലെ സൈനിക ക്യാമ്പിലാണ് രണ്ട് ആഴ്ചത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ധോണിയെത്തിയത്. ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച ശേഷം ആദ്യമായാണ് ധോണി സൈന്യത്തിനൊപ്പം പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമറിയിച്ച് ധോണി തന്നെയാണ് സൈനിക അധികൃതര്‍ക്ക് കത്തയച്ചത്.

സൈന്യത്തിലെ പാരച്യൂട്ട് വിഭാഗത്തില്‍ പരിശീലനത്തിന് പോകുവാന്‍ ഒരുങ്ങുകയാണ് ധോണി. ലക്ഷ്യം പാരച്യൂട്ട് വിംങ് എന്ന ബാഡ്ജും. ട്രെയ്‌നിംങ് പൂര്‍ത്തികരിച്ചാല്‍ ധോണിയുടെ ലെഫ്റ്റ്. കേണല്‍ യൂണിഫോമില്‍ അത് ചാര്‍ത്തും.

ഇതിനായി സൈന്യത്തിന്റെ തന്നെ പാരാ ജംപിംങ് ടീമിന് ഒപ്പം ധോണി അടുത്തുതന്നെ ചേരും എന്നാണ് റിപ്പോര്‍ട്ട്. പരിശീലന സമയത്ത് ആര്‍മിയുടെ എഎന്‍ 32 വിമാനത്തില്‍ നിന്നും 1000 അടി മുകളില്‍ നിന്ന് ധോണി പാരച്യൂട്ട് പറക്കല്‍ നടത്തും എന്നാണ് റിപ്പോര്‍ട്ട്.

സൈനികനാവുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണെന്ന് ധോണി പറഞ്ഞു. തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണെന്നും തുടര്‍ന്നും സൈന്യത്തിന്റെ ഭാഗമായി ജോലികള്‍ ചെയ്യാന്‍ താത്പര്യമാണെന്നും അദ്ദേഹം അറിയിച്ചു.

Top