ഫ്രാന്‍സിസ് മാര്‍പാപ്പ ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി

ഹവാന: നാലു ദിവസത്തെ സന്ദര്‍ശനത്തിന് ക്യൂബയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയതിന് ശേഷമാണ് മാര്‍പാപ്പ ക്യൂബന്‍ വിപ്ലവ നായകനെ കണ്ട് സംസാരിച്ചത്.

ക്യൂബ-യുഎസ് അനുരഞ്ജനം ലോകത്തിനു മുഴുവന്‍ മാതൃകയാകട്ടെയെന്ന് പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. തുറന്ന സൗഹൃദപാതയിലൂടെ മുന്നേറി അതിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താണമെന്നും മാര്‍പാപ്പ ക്യൂബയോടും യുഎസിനോടും ആവശ്യപ്പെട്ടു.

എല്ലാവരെയും നമ്മുടെ സ്വന്തം എന്നുകണ്ട് സ്‌നേഹിക്കണം. പരസ്പരമുള്ള സഹകരിക്കല്‍ ‘മറ്റുള്ളവര്‍’ എന്ന വാക്കിനെ പടിക്കുപുറത്ത് നിര്‍ത്തും. സേവനം പ്രത്യയശാസ്ത്രപരമല്ല, കാരണം നമ്മള്‍ സേവിക്കുന്നത് ആശയങ്ങളെയല്ല, മറിച്ച് ജനതയെയാണെന്നും മാര്‍പാപ്പ പറഞ്ഞു.

ക്യൂബയുടെ വിപ്ലവ നക്ഷത്രം ചെ ഗുവേരയുടെയും വിപ്ലവ നേതാവ് കാമിലോ സിയെന്‍ഫ്യുഗോയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വേദിയിലാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.

ജോണ്‍ പോള്‍ രണ്ടാമനും ബനഡിക്ട് പതിനാറാമനും ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ കത്തോലിക്കാസഭാ തലവനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

ക്യൂബയില്‍നിന്ന് 22ന് മാര്‍പാപ്പ അമേരിക്കയിലേക്ക് പോകും. ദശാബ്ദങ്ങളായി അകന്നുനിന്ന അമേരിക്കയെയും ക്യൂബയെയും നയതന്ത്രപരമായി ഒന്നിപ്പിക്കുന്നതില്‍ മാര്‍പാപ്പ വലിയ പങ്ക് വഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ മധ്യസ്ഥതയിലാണ് തകര്‍ച്ചയിലായിരുന്ന പരസ്പരം ബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ തുറക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചത്.

Top