ക്യൂബയുമായുള്ള നയതന്ത്രബന്ധം അമേരിക്ക പുനസ്ഥാപിച്ചു

വാഷിങ്ടണ്‍: 54 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്യൂബയുമായുള്ള നയതന്ത്രബന്ധം അമേരിക്ക പുനസ്ഥാപിച്ചു. ഹവാനയിലെ എംബസി തുറക്കാന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടു. 18 മാസമായി തുടര്‍ന്ന രഹസ്യ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭൂതകാലത്തിന്റെ വിലങ്ങുകളെ പൊട്ടിച്ചെറിയുന്നതാണ് തീരുമാനമെന്ന് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തവെ ഒബാമ വ്യക്തമാക്കി. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

2013ലായിരുന്നു ഇരുരാജ്യങ്ങളും ചര്‍ച്ച ആരംഭിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചയുടെ അവസാനം കഴിഞ്ഞ ദിവസം ഒബാമയും റൗള്‍ കാസ്‌ട്രോയും 45 മിനിറ്റ് ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് ഒരേസമയം പ്രഖ്യാപനം നടത്തുകയായിരുന്നു. ധാരണയുടെ ഭാഗമായി അമേരിക്കന്‍ ചാരന്‍ അലന്‍ ഗ്രോസിനെ ക്യൂബ വിട്ടയച്ചു. മൂന്നു ക്യൂബന്‍ ചാരന്‍മാരെ അമേരിക്കയും വിട്ടയച്ചു. 53 രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

90 മൈല്‍ ജലാതിര്‍ത്തിയുള്ള ഇരുരാജ്യങ്ങളും കഴിഞ്ഞ 50 വര്‍ഷം സമ്പൂര്‍ണ അകല്‍ച്ചയിലായിരുന്നു. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി മുതല്‍ നിരവധി പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലച്ചു. സി.ഐ.എ. ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചതായിരുന്നു മറ്റൊന്ന്. ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്കു തടസ്സമായ കാലഹരണപ്പെട്ട നിലപാടുകള്‍ മാറ്റാന്‍ സമയമായെന്ന് ടെലിവിഷനില്‍ പ്രഖ്യാപനം നടത്തവെ ഒബാമ പറഞ്ഞു.

Top