ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ കയറ്റുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: കോളേജിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി വിലക്ക്. ക്യാമ്പസിനുള്ളില്‍ വിലക്ക് ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴയീടാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം സിഇടി കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്.

രാത്രി ഒന്‍പത് മണിക്ക് ശേഷം ക്യാമ്പസുകളില്‍ ആഘോഷങ്ങള്‍ പാടില്ല. അധ്യാപകരുടെ വാഹനങ്ങള്‍ മാത്രമേ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കാവൂ. ക്യാമ്പസിന് പുറത്ത് ഗേറ്റിന് സമീപത്ത് വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ക്കായി പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിക്കണം. ക്യാമ്പസിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോളേജ് ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരീക്ഷിക്കാനുള്ള ഇടമല്ലെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ കടലാസിലൊതുങ്ങാതെ നടപ്പിലാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, സിഇടി സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റ് പുറത്താക്കിയ 26 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ജസ്റ്റിസ് ചിദംബരേഷ് ആണ് വിധി പുറപ്പെടുവിച്ചത്.

Top