കോഴ കേസില്‍ സിപിഎം സിബിഐയെ തള്ളിയത് കതിരൂര്‍ പേടിയില്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തില്‍ സിപിഎം സിബിഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത് കതിരൂര്‍ കേസ് മുന്‍നിര്‍ത്തി.

കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജ് വധക്കേസില്‍ നേതാക്കളെ അടക്കം പ്രതിയാക്കാന്‍ സിബിഐ ശ്രമം നടത്തുമെന്ന് സംശയിക്കുന്ന സിപിഎം നേതൃത്വം ഇത്തരം ഘട്ടത്തില്‍ സിബിഐക്കെതിരെ ശക്തമായി രംഗത്ത് വരേണ്ട സാഹചര്യമുണ്ടായാല്‍ കോഴക്കേസിലെ നിലപാട് തിരിച്ചടിയാവുമെന്ന തിരിച്ചറിവിലാണ് സിബിഐ അന്വേഷണത്തെ തള്ളിപ്പറഞ്ഞതെന്നാണ് ലഭിക്കുന്ന സൂചന.

മാണിക്കെതിരായ കോഴ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടാല്‍ കതിരൂര്‍ കേസിലെ സിബിഐ അന്വേഷണത്തേയും നടപടികളേയും ചോദ്യം ചെയ്യാന്‍ ധാര്‍മ്മികമായി സിപിഎമ്മിന് കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല ലാവലിന്‍,ടി.പി ചന്ദ്രശേഖരന്‍, ലോട്ടറി,കവിയൂര്‍,കിളിരൂര്‍ തുടങ്ങിയ കേസുകളില്‍ സിബിഐ അന്വേഷണത്തിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് അടിക്കാന്‍ വടിയായി കോഴക്കേസിലെ അന്വേഷണം മാറരുതെന്ന ഉറച്ച നിലപാടും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു.

കോഴക്കേസില്‍ സിബിഐ അന്വേഷണത്തില്‍ ഉറച്ചു നിന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ മെരുക്കിയെടുക്കാന്‍ നേതാക്കള്‍ ശ്രമിച്ചതും പാര്‍ട്ടി നേരിടുന്ന ഈ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ്. കൂടുതല്‍ പ്രകോപനമുണ്ടാകരുതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ വിഎസിനോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

കതിരൂര്‍ മനോജ് വധക്കേസില്‍ ആര്‍എസ്എസ് നേതൃത്വം സമ്മര്‍ദം ചെലുത്തി സിബിഐ അന്വേഷണം തരപ്പെടുത്തിയത് വ്യക്തമായ ‘അജണ്ട’ മുന്‍നിര്‍ത്തിയാണെന്ന നിഗമനത്തിലാണ് സിപിഎം നേതൃത്വം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് പാര്‍ട്ടി തീരുമാനം.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും മകനുമെതിരെ ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ ആരോപമുന്നയിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഭരണത്തിലെ സ്വാധീനമുപയോഗിച്ച് ഏതെങ്കിലുമൊരു ‘നീക്കം’സിപിഎമ്മും പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത് മാണി ഇടതുമുന്നണിയില്‍ വരുന്നതിന് വഴിയൊരുക്കാനാണ് എന്ന ആക്ഷേപം ശക്തമായതും സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ചരിത്രമുള്ള പാര്‍ട്ടി മാണിയോട് കാണിക്കുന്ന മൃദു സമീപനം സിപിഎം സംഘടനാ സമ്മേളനങ്ങളിലെ ചൂടുള്ള ചര്‍ച്ചക്ക് വഴിമരുന്നിട്ടിട്ടുണ്ട്. മാണിയെ ഇടത് മുന്നണിയുടെ ഭാഗമാക്കാന്‍ നീക്കമുണ്ടായാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന വികാരമാണ് സിപിഎം അണികള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സിപിഎം നേതൃത്വത്തിനും സാധിച്ചിട്ടില്ല. നിലവിലെ മുന്നണി സംവിധാനത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുക പ്രയാസമായതിനാല്‍ മുന്നണി ബന്ധങ്ങളില്‍ മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് നേതൃത്വമെങ്കിലും അണികള്‍ക്കത് ദഹിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സിപിഎമ്മും സിപിഐയും കഴിഞ്ഞാല്‍ ജനപിന്തുണയുള്ള ഒരു പാര്‍ട്ടിയും മുന്നണിയില്‍ ഇല്ലാത്തതിനാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഏതെങ്കിലും പ്രമുഖ ഘടകകക്ഷി ഇടത് പക്ഷത്തിന്റെ ഭാഗമാകേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. അതിന് അവര്‍ ഏറെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നതും മാണി കോണ്‍ഗ്രസിനെയാണ്.

Top