കോഴിക്കോട് നാണംകെട്ട് കോണ്‍ഗ്രസ്; കോര്‍പ്പറേഷനില്‍ യു.ഡി.എഫ് എട്ടുനിലയില്‍പൊട്ടി

കോഴിക്കോട്: നാല്‍പ്പത്തിനാലു വര്‍ഷമായി കുത്തകയാക്കിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം മികച്ച വിജയം കൊയ്ത് സി.പി.എം നിലനിര്‍ത്തിയപ്പോള്‍ ഭരണംപിടിക്കുമെന്ന് ഉറപ്പിച്ച് പോരാടിയ യു.ഡി.എഫ് എട്ടുനിലയില്‍പൊട്ടി.

കഴിഞ്ഞ തവണ 41 സീറ്റുണ്ടായിരുന്ന എല്‍.ഡി.എഫ് ഇത്തവണ 48 സീറ്റുനേടിയാണ് ചരിത്രവിജയം ആവര്‍ത്തിച്ചത്. കഴിഞ്ഞ തവണ 34 സീറ്റുനേടിയ യു.ഡി.എഫ് ഇത്തവണ 20 സീറ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് ഇത്തവണ ഏഴു കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാനായി.

ആറു കെ.പി.സി.സി സെക്രട്ടറിമാരുള്ള കോഴിക്കോട്ടു നിന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ് ബാബുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടിയാണ് യുഡി.എഫ് പ്രചരണം നടത്തിയത്.

എല്‍.ഡി.എഫാകട്ടെ മുന്‍ ബേപ്പൂര്‍ എം.എല്‍.എ വി.കെ.സി മമ്മദ്‌കോയയെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ വിഭാഗം യു.ഡി.എഫിലെത്തിയിട്ടും അതിന്റെ പ്രയോജനം ഇത്തവണ യു.ഡി.എഫിനു ലഭിച്ചില്ല.

കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണങ്ങളും വിജിലന്‍സ് കേസുകളും ഉണ്ടായിട്ടും അതും വോട്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. കോഴിക്കോട്ട് നിന്നും ആറു കെ.പി.സി.സി സെക്രട്ടറിമാരാണ് ഉള്ളത്. പി.എം സുരേഷ്ബാബു, കെ.പി അനില്‍കുമാര്‍, ടി.സിദ്ദിഖ്, എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരും അഡ്വ. ജയന്ത്, പ്രവീണ്‍കുമാര്‍ എന്നിവര്‍ കെ.പി.സി.സി സെക്രട്ടറിമാരുമാണ്.

സംഘടനാതലത്തില്‍ നേതൃനിരകൊണ്ട് ശക്തമായ കോണ്‍ഗ്രസിന് അനുകൂല സാഹചര്യങ്ങല്‍ നിരവധിയുണ്ടായിട്ടും കോര്‍പ്പറേഷനിലെ 44 വര്‍ഷത്തെ ഇടതുഭരണകുത്തക അവസാനിപ്പിക്കാന്‍ കഴിയാത്തത് വരുംദിവസങ്ങളില്‍ പാര്‍ട്ടിയെ വേട്ടയാടും.

Top