ചുംബന സമരം വീണ്ടും സംഘര്‍ഷത്തിലേക്ക്; എരിതീയില്‍ എണ്ണ ഒഴിച്ച് മോഹന്‍ലാല്‍

കോഴിക്കോട്: എറണാകുളത്ത് തിരികൊളുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പടര്‍ന്ന ചുംബന സമരം ഡിസംബനര്‍ ഏഴിന് കോഴിക്കോട് ആവര്‍ത്തിക്കുന്നത് വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

കോഴിക്കോട്ടെ ഹോട്ടലില്‍ കമിതാക്കള്‍ പരസ്യമായി ചുംബിച്ചത് ചോദ്യം ചെയ്ത യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണമാണ് ചുംബന സമരത്തിന് കാരണമായിരുന്നത്. തുടക്കത്തില്‍ എറണാകുളത്ത് നടത്തിയ ചുംബന സമരം വന്‍ വിവാദത്തിനും സംഘര്‍ഷത്തിനും വഴിവെച്ച സാഹചര്യത്തില്‍ സമരത്തിന് മൂലകാരണമായ കോഴിക്കോട്ടെ സമര പ്രഖ്യാപനം പൊലീസിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

ചുംബന സമരത്തെ ശക്തമായി എതിര്‍ത്ത് വിവിധ മതസംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തിറങ്ങുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാവുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റേയും വിലയിരുത്തല്‍. എറണാകുളത്ത് ചുംബന സമരം പൊലീസ് ലാത്തിചാര്‍ജില്‍ കലാശിക്കുകയും വലിയ വിമര്‍ശനങ്ങളുയരുകയും ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട്ട് കനത്ത ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിപിഎം, ഡിവൈഎഫ്‌ഐ,യൂത്ത് കോണ്‍ഗ്രസ് എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും പരസ്യമായ ഈ ചുംബന സമരത്തെ ശക്തമായി എതിര്‍ത്ത് രംഗത്തുണ്ട്.

ന്യൂ ജനറേഷനിലെ ഒരു ചെറിയ വിഭാഗത്തിന്റെ വിരകാരത്തിനനുസരിച്ച് നിന്ന് പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളേയും വെറുപ്പിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്ന വികാരം സിപിഎം അണികളില്‍ ശക്തമാകുന്നതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു സംസ്ഥാന നേതൃത്വങ്ങള്‍ ചുംബന സമരത്തെ പിന്‍തുണക്കുമ്പോള്‍ ഈ സംഘടനകളിലെ ബഹുഭൂരിപക്ഷം ഘടകങ്ങളും സംഘടനാ നിലപാടിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

എറണാകുളത്ത് കെഎസ്‌യു ജില്ലാഘടകം പരസ്യമായി ചുംബനസമരത്തിനെതിരെ പ്രതിഷേധിച്ചതും കൊച്ചി മേയര്‍ ടോണി ചമ്മണി ഉദ്ഘാടകനായതും കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതയാണ് തുറന്ന് കാട്ടപ്പെട്ടത്.

കേരളത്തിലെ സാമൂഹിക സാഹചര്യം ഇത്തരം ന്യൂജനറേഷന്‍ ‘കോപ്രായങ്ങള്‍ക്ക്’പിന്‍തുണ നല്‍കില്ലെന്നും ചുംബന സമരത്തിന് പിന്തുണ നല്‍കുന്നവര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്ന മുന്നറിയിപ്പും മലബാര്‍ മേഖലയില്‍ ശക്തമാണ്. എന്നാല്‍ സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരം നടത്തുന്നത് ശക്തമായ സന്ദേശമാണ് നല്‍കുകയെന്നും ഇതിനെ തെറ്റായി കാണേണ്ടതില്ലെന്നുമാണ് സമരാനുകൂലികളുടെ വാദം.

സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ ചുംബന സമരത്തെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നത് കോഴിക്കോട്ടെ സമരത്തില്‍ വന്‍ പങ്കാളിത്തമുണ്ടാക്കാന്‍ വഴിവെക്കുമെന്ന പ്രതീക്ഷയും ചുംബന സമര സംഘാടകര്‍ക്കുണ്ട്. എന്നാല്‍ സ്വന്തം കുടുംബത്തിലുള്ളവരെ തെരുവിലിറക്കി ചുംബിച്ചാണ് മോഹന്‍ലാലും ചുംബനസമര സംഘാടകരും ‘വിപ്ലവ വീര്യം’പ്രകടിപ്പിക്കേണ്ടതെന്ന മറുവാദമാണ് വിമര്‍ശകര്‍ക്കുള്ളത്.

പൊതു ഇടങ്ങളില്‍ പരസ്പരം ചുംബിക്കുന്നതിനെ ന്യായീകരിക്കുന്നവര്‍ സ്വന്തം കിടപ്പറ രംഗങ്ങളും ‘പരസ്യസമര’മാക്കി മാറ്റുമോ എന്നാണ് രോഷാകുലരായി ഇവര്‍ ചോദിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്കും സദാചാര മൂല്യങ്ങള്‍ക്കും ജീവിതത്തില്‍ വലിയ പ്രാധാന്യം കൊടുക്കുന്ന മലബാറിലെ ജനവിഭാഗങ്ങള്‍ ചുംബന സമരത്തോട് സ്വീകരിക്കുന്ന നിലപാട് ഡിസംബര്‍ ഏഴിനെ സംബന്ധിച്ച് വഴിത്തിരിവാകും.

നാമമാത്രമായ സമരക്കാരേക്കാള്‍ വലിയ അളവില്‍ ജനങ്ങള്‍ ചുംബന സമരത്തെ കാണാനും എതിര്‍ക്കാനും വരുന്നതാണ് സംഘര്‍ഷത്തിന് കാരണമാവുക എന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സമരത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞ് കയറി പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന നിര്‍ദേശവും ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

മലപ്പുറം എം.എസ്.പി അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് സായുധ പൊലീസിനെ സമര ദിവസം നഗരത്തില്‍ വിന്യസിക്കാനും പൊലസ് തലപ്പത്ത് ആലോചനയുണ്ട്.

അതേസമയം സാഹചര്യം അനുകൂലമല്ലെങ്കില്‍ അവസാന നിമിഷം സമരത്തിന് അനുമതി നിഷേധിക്കുമെന്നാണ് ഉന്നത പൊലീസുദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Top